തിരുവനന്തപുരം: പ്രശസ്ത ദലിത് കവയിത്രി മീന കന്ദസാമിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്യാന്‍ സുഗതകുമാരി വിസമ്മതിച്ചത് വിവാദമാകുന്നു. മീന കന്ദസാമിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ പരിഭാഷ “സ്പര്‍ശം” പ്രകാശനം ചെയ്യാമെന്നേറ്റ സുഗതകുമാരി പിന്നീട്
പിന്മാറിയതാണ് വിവാദമായത്.
ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം സ്റ്റുഡന്റ്‌സ് സെന്ററില്‍ വെച്ച് സമാഹാരത്തിന്റെ പ്രകാശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സുഗതകുമാരി അറിയിക്കുകയായിരുന്നു. സമാഹാരത്തിലെ ഗാന്ധിജിയെ വിമര്‍ശിച്ചുകൊണ്ടുള്ള “മോഹന്‍ദാസ് കരംചന്ദ്” എന്ന കവിതയോടുള്ള വിയോജിപ്പുകാരണമാണ് പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നും സുഗതകുമാരി അറിയിച്ചു. ഇതേതുടര്‍ന്ന് സുഗതകുമാരി പങ്കെടുക്കില്ലെന്ന കാര്യം സ്വാഗത പ്രസംഗത്തില്‍ തന്നെ സംഘാടകര്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ലക്ഷ്മി രാജീവിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
തിരുവനന്തപുരം സ്റ്റുഡന്റ്‌സ് സെന്ററില്‍ ചിന്ത പബ്ലിക്കേഷന്‍സും കേരള പുരോഗമന കലാഹാസാഹിത്യ സംഘവുമാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ “ഇന്ത്യന്‍ സാഹിത്യത്തിലെ ദലിത് സ്ത്രീ സാന്നിധ്യം” എന്ന സംവാദം ഉദ്ഘാടനം ചെയ്തത് മീന കന്ദസ്വാമിയാണ്.
ഉദ്ഘാടനപ്രസംഗത്തില്‍ മീന കന്ദസാമി സുഗതകുമാരി പ്രകാശന ചടങ്ങ് ബഹിഷ്‌കരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയുണ്ടായി. വിവാദ കവിത ചൊല്ലിക്കൊണ്ടാണ് മീന പ്രഭാഷണം തുടങ്ങിയത്. സുഗതകുമാരിയാണ് പ്രകാശന ചടങ്ങിനെത്തുന്നതെന്ന് അറിഞ്ഞ് ഒരുപാടുപേര്‍ ചടങ്ങില്‍ നിന്നു വിട്ടുനിന്നിട്ടുണ്ടെന്നും മീന പറഞ്ഞു. അവസരവാദപരമായ നിലപാടാണ് സുഗതകുമാരി സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി. കവിതയിലുന്നയിച്ചിട്ടുള്ള ആശയത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രശസ്ത സാന്താള്‍ കവയത്രി നിര്‍മലാ പുതുലിന്റെ “ഊരും പേരുമില്ലാത്തവര്‍” എന്ന ആദിവാസിക കവിതയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഏഴാച്ചേരി രാമചന്ദ്രനാണ് കവിത പ്രകാശനം ചെയ്തത്.