| Monday, 4th July 2022, 9:21 am

ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല; പൊലീസ് ഫോട്ടോകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് പൊലീസും ക്രൈംബ്രാഞ്ചും. മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഓഫീസിനുള്ളില്‍ കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ സൂക്ഷമ വിശകലനം നടത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നീക്കിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തില്‍ ഗാന്ധി ചിത്രം ചുമരിലാണുള്ളത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് സന്ദര്‍ശനം നടത്തിയതിന് ശേഷം വീണ്ടുമെടുത്ത ചിത്രങ്ങളില്‍ ഗാന്ധി ചിത്രം നിലത്ത് കിടക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം 3.59നാണ് ഫോട്ടോഗ്രാഫര്‍ ആദ്യമായി ചിത്രം പകര്‍ത്താനെത്തുന്നത്. ഇതില്‍ ഗാന്ധിയുടെ ചിത്രം ചുമരിലുള്ളതായാണ് കാണുന്നത്. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഓഫീസ് സന്ദര്‍ശിക്കാനെത്തിയത്. ഈ സമയത്ത് പ്രതിഷധക്കാരെ പൊലീസ് സ്ഥലത്തു നിന്നും നീക്കിയിരുന്നു.

ഇവരുടെ അറസ്റ്റും മറ്റ് അനുബന്ധ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫര്‍ 4.30ന് വീണ്ടും ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുകാരും മാത്രമായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഈ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധിയുടെ ചിത്രം താഴെയാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാകാം എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സംഭവസ്ഥലത്ത് പൊലീസിന്റെ വീഴ്ചയുണ്ടായെന്നും എ.ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് നടക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ ലഭിച്ചിരുന്നെങ്കിലും ഡി.വൈ.എസ്.പി മേധാവി വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ബാരിക്കേഡുകള്‍ വെക്കാനോ പ്രവര്‍ത്തകരെ തടയാനോ ഡി.വൈ.എസ്.പി ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ദഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അല്ലെന്ന വാര്‍ത്ത ഇടതുപക്ഷ പ്രൊഫൈലുകളില്‍ വന്ന പോസ്റ്റുകളെ ഉദ്ധരിച്ച് ഡൂള്‍ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു. എസ്.ഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളിലും പ്രവര്‍ത്തകരെ പുറത്താക്കി പൊലീസ് ഓഫീസിന് ഷട്ടറിട്ട സമയത്തെ ദൃശ്യങ്ങളിലും ഗാന്ധി ചിത്രം ചുമരില്‍ തന്നെയുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന അക്രമത്തിനിടയിലുള്ള ദൃശ്യങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ ചിത്രങ്ങളും ചുമരില്‍ കാണാമെന്നും എന്നാല്‍ മാതൃഭൂമി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ഗാന്ധിയുടെ ചിത്രം തറയില്‍ വീണ് കിടക്കുന്നതായി കാണിച്ചിരിക്കുന്നു എന്നും ഇത് എപ്പോഴായിരിക്കാം സംഭവിച്ചതെന്നുമുള്ള സംശയമാണ് ഇടത് പ്രൊഫൈലുകള്‍ ഉയര്‍ത്തിയിരുന്നത്.

Content Highlight: gandhi’s photo in rahul gandhi’s office wasnot attacked by sfi says report

Latest Stories

We use cookies to give you the best possible experience. Learn more