| Monday, 17th February 2025, 7:43 pm

ഗാന്ധിയുടെ ഗ്രാമസ്വയംഭരണ ആശയം ഉപേക്ഷിക്കണം, പരിഷ്‌കരണവും വേണം: ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമ സ്വയംഭരണ ആശയം ഉപേക്ഷിക്കണമെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്. ഇന്നത്തെ ഭരണവ്യവസ്ഥകളില്‍ നേരിടുന്ന വെല്ലുവിളികള്‍ സങ്കീര്‍ണമാണെന്നും ജസ്റ്റിസ് പറഞ്ഞു. ബാര്‍ ആന്‍ഡ് ബെഞ്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചെറിയ കാര്യങ്ങള്‍ മാത്രമല്ല ചെയ്യാനുള്ളത്, മുന്‍കാലങ്ങളില്‍ അങ്ങനെ ആയിരുന്നില്ല. മാലിന്യ സംസ്‌കരണം അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ വലുതാണ്. ഇക്കാര്യങ്ങളില്‍ എല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്രീകൃത അധികാരം ഉണ്ടാവണം,’ എന്നും ജസ്റ്റിസ് പറഞ്ഞു.

2024ല്‍ മട്ടന്നൂര്‍, ശ്രീകണ്ഠപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറോക്ക്, പട്ടാമ്പി എന്നീ എട്ട് മുനിസിപ്പാലിറ്റികളിലും പടന്ന പഞ്ചായത്തിലും നടന്ന അതിര്‍ത്തി നിര്‍ണയം നിയമവിരുദ്ധമാണെന്ന സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരായ അപ്പീലുകള്‍ പരിഗണിക്കവെയാണ് ജഡ്ജിയുടെ പരാമര്‍ശം.

ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെ, പ്രാദേശികവത്‌കരണവും അധികാര വികേന്ദ്രീകരണവും ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജസ്റ്റിസ് മുസ്താഖ് പറഞ്ഞു. പരാമര്‍ശം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ വികേന്ദ്രീകൃത സംവിധാനം ഫലപ്രദമല്ലെന്ന് അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.

പ്രാദേശികമായ സമീപനം സ്വത്ത്, കെട്ടിട നികുതി പോലുള്ള വരുമാന ശേഖരണത്തെ പോലും ബാധിക്കുന്നുണ്ടെന്നും ജസ്റ്റിസ് മുസ്താഖ് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗാന്ധിയുടെ ആശയങ്ങള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ജസ്റ്റിസ് പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലും ബീഹാറിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഇത്തരം സേവനങ്ങള്‍ കൃത്യമായി നല്‍കുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു.

Content Highlight: Gandhi’s idea of ​​village self-government should be abandoned, reform needed: Justice Muhammad Mustaque

We use cookies to give you the best possible experience. Learn more