മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്; ഗാന്ധിയുടെ നിര്‍ദേശപ്രകാരമല്ല സവര്‍ക്കറുടെ മാപ്പെന്ന് കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി
national news
മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്; ഗാന്ധിയുടെ നിര്‍ദേശപ്രകാരമല്ല സവര്‍ക്കറുടെ മാപ്പെന്ന് കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 9:53 am

മുംബൈ: ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി.

ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബി.ജെ.പിയുടെ ശ്രമം മോശം നീക്കമാണെന്നും ഗാന്ധിജി ആവശ്യപ്പെട്ടതിനാലാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാപ്പപേക്ഷയില്‍ പിന്തുണ തേടി സവര്‍ക്കറുടെ സഹോദരന്‍ ഒരിക്കല്‍ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. പക്ഷേ അതിനുമുമ്പുതന്നെ 11 തവണ സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതാണ്. അതെല്ലാം മറച്ചുവെച്ച് ബി.ജെ.പി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും പോലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വരുന്നില്ലെന്നും ആദര്‍ശങ്ങളും ആശയങ്ങളും മറന്നു തെരഞ്ഞെടുപ്പ് വിജയം മാത്രമായി രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ക്കറെ പുകഴ്ത്തിക്കൊണ്ട് രാജ്‌നാഥ് സിംഗ് രംഗത്തെത്തിയതിന് പിന്നാലെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.

രാജ്യത്തെ മോചിപ്പിക്കാന്‍ പ്രചാരണം നടത്തുന്നത് പോലെ സവര്‍ക്കറെ മോചിപ്പിക്കാനും തങ്ങള്‍ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്നാഥ് പറഞ്ഞു.

ഉദയ് മഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം.

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നെന്നും രാജ് നാഥ് സിംഗ് അവകാശപ്പെട്ടു.

ഇന്ത്യന്‍ ചരിത്രത്തിലെ മഹാനായ നായകനായിരുന്ന സവര്‍ക്കര്‍ ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നുവെന്നും രാജ് നാഥ് സിംഗ് അവകാശപ്പെട്ടു. സവര്‍ക്കറെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: Gandhi’s Grand son about Savrkar’s apology