Kerala News
ഗാന്ധിയെ ഒഴിവാക്കാൻ കോൺഗ്രസുകാർക്കായില്ല, പിന്നെയല്ലേ ഹിന്ദുമഹാസഭക്ക്: വിമർശനവുമായി കെ.ആർ മീര; എതിർപ്പുമായി സുധ മേനോനും ടി. സിദ്ധിഖും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 07:58 am
Friday, 31st January 2025, 1:28 pm

കൊച്ചി: ഗാന്ധിവധത്തിൽ ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും വിമർശിച്ച് എഴുത്തുകാരി കെ. ആർ. മീര. പിന്നാലെ മീരക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധാ മേനോനും കോൺഗ്രസ് നേതാക്കളും എത്തി. മീററ്റിൽ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാർത്ത പങ്കുവെച്ചുകൊണ്ട് കെ. ആർ. മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പിനായിരുന്നു രൂക്ഷവിമർശനം നേരിട്ടത്.

ഹിന്ദുമഹാസഭയ്‌ക്കൊപ്പം കോൺഗ്രസിനെയും പോസ്റ്റിൽ കെ. ആർ. മീര വിമർശിച്ചിരുന്നു ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുമഹാസഭ’ എന്നായിരുന്നു മീരയുടെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെയാണ് സുധാ മേനോനും നിരവധി കോൺഗ്രസ് നേതാക്കളും അനുകൂലികളും രൂക്ഷവിമർശനവുമായി എത്തിയിരിക്കുന്നത്.

വളരെ ക്രൂരവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്നും സംഘപരിവാർ ആഗ്രഹിക്കുന്ന കോൺഗ്രസ് മുക്തഭാരതത്തിനു ലെജിറ്റിമസി നൽകുന്ന ഈ പോസ്റ്റ് ഏറ്റവും സഹായിക്കുന്നത് സംഘികളെയാണ് എന്നുമായിരുന്നു സുധാ മേനോന്റെ പ്രതികരണം. എന്നാൽ ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നാൽ കഞ്ഞികുടിക്കാൻ പറ്റില്ലെന്നും ഗാന്ധിസം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കഴിഞ്ഞ കുറേ വർഷങ്ങളിലായി കോൺഗ്രസ് നേതാക്കളിൽ പലരും പറഞ്ഞതിന്റെ റിപ്പോർട്ടുകൾ എത്ര വേണമെങ്കിലും കിട്ടുമെന്നുമായിരുന്നു സുധ മേനോന് മീരയുടെ മറുപടി.

ടി. സിദ്ദിഖ് എം.എൽ.എയും കോൺഗ്രസ് നേതാവ് രാജു .പി. നായരും പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് കമൻ്റ് ചെയ്തിട്ടുണ്ട്. ‘ഫിക്ഷൻ എഴുതാൻ മീരയ്ക്ക് നല്ല കഴിവുണ്ട് എന്നും ഈ പോസ്റ്റിലും അത് കാണാൻ കഴിയുന്നു എന്നുമായിരുന്നു സിദ്ദിഖിന്റെ വിമർശനം.

എന്നാൽ കോൺഗ്രസുകാർ താഴേത്തട്ടിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകർ ആകണമെന്നു താങ്കൾ ജനുവരി പന്ത്രണ്ടിനു പ്രസംഗിച്ചതായി മാധ്യമം ഓൺലൈനിൽ കണ്ടു. അതു മാത്രമാണ് ഈ അടുത്ത കാലത്ത് ഒരു കോൺഗ്രസ് നേതാവിൽനിന്നു കേട്ട സെൻസിബിൾ പ്രസ്താവന. താങ്കളോടു കോൺഗ്രസ് കടപ്പെട്ടിരിക്കുന്നു. എന്ന കെ.ആർ. മീര തിരിച്ച് മറുപടി നൽകി.

‘ശ്രീമതി മീര കോൺഗ്രസ് ആവണം എന്ന് പറയില്ല, പക്ഷെ കമ്മ്യൂണിസ്റ്റ് ആയി നിലനിൽക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. പിണറായിസ്റ്റ് ആവാൻ നടത്തുന്ന അശ്രാന്ത പരിശ്രമം ഇത്തരം അപകടങ്ങളിൽ എത്തിക്കും. ഗാന്ധിയെ കൊന്ന ആർ. എസ്.എസിനെ എന്നും ചേർത്ത് നിർത്തിയ പാരമ്പര്യമാണെങ്കിലും അവസാന കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് ആയിരുന്ന സീതാറാം യച്ചൂരിക്ക് കര്യങ്ങൾ മനസ്സിലായിരുന്നു. പിണറായിസ്റ്റ് ആവുമ്പോഴാണ് ആർ.എസ്.എസ്സിനെ കാണുന്ന എ.ഡി.ജി.പിമാരോക്കെ ഡി.ജി.പിമാരായി മാറുമ്പോൾ നഷ്ടപ്പെടുന്ന ശബ്ദം ഇങ്ങനൊക്കെ പുറത്ത് വരുന്നത്. നിങ്ങളൊക്കെ ആണ് കമ്മ്യൂണിസത്തിൻ്റെ ആരാച്ചാർ ആവുന്നത് എന്നുമായിരുന്നു കോൺഗ്രസ് നേതാവ് രാജു .പി. നായരുടെ വിമർശനം.

കോൺഗ്രസ് ഗാന്ധിയൻ പാർട്ടി ആകുന്ന കാലത്തു താൻ കോൺഗ്രസ് ആകും എന്നായിരുന്ന് മീര രാജു. പി. നായർക്ക് നൽകിയ മറുപടി.

മീററ്റിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയ്ക്ക് ആദരം അർപ്പിച്ചത്. ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്ന് യോഗം തീരുമാനമെടുത്തിരുന്നു. ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.

 

Content Highlight: Gandhi’s assassination; Criticizing the Congress along with the Hindu Mahasabha, K. R. Meera; Sudha Menon and T. Siddique too