| Friday, 4th October 2019, 2:07 pm

ബാപ്പു സ്മാരകത്തില്‍ സൂക്ഷിച്ച ഗാന്ധിയുടെ ചിതാഭസ്മം മോഷണം പോയി; ഫോട്ടോയ്ക്ക് മുകളില്‍ രാജ്യദ്രോഹിയെന്ന് എഴുതി; സംഭവം ഗാന്ധി ജയന്തി ദിനത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ലക്ഷ്മണ്‍ബാഗ് സന്‍സ്ഥാനിലെ ബാപ്പു ഭവനില്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച ചിതാഭസ്മ കുംഭം മോഷണം പോയി. അക്രമികള്‍ ഗാന്ധിയുടെ ഛായാചിത്രം വിക്രതമാക്കുകയും ഫോട്ടോയ്ക്ക് മുകളില്‍ രാജ്യദ്രോഹിയെന്ന് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്.

1948 മുതല്‍ ബാപ്പു ഭവനില്‍ സൂക്ഷിച്ചിരുന്ന ചിതാഭസ്മമാണ് മോഷണം പോയതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാജ്യം ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം.

കോണ്‍ഗ്രസ് മേധാവി ഗുര്‍മീത് സിംഗ് മംഗുവിന്റെ പരാതിയില്‍ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗാന്ധിയുടെ ജന്മദിനമായതിനാല്‍ ഞങ്ങള്‍ അതിരാവിലെ തന്നെ ഭവന്റെ ഗേറ്റ് തുറന്നിരുന്നു. അല്പ സമയത്തിനകം തന്നെ ചിതാഭസ്മം സൂക്ഷിച്ച കുംഭം കാണാതായി. അദ്ദേഹത്തിന്റെ ചിത്രം വികൃതമാക്കിയതായും കണ്ടെത്തി. ലജ്ജാകരമായ സംഭവമാണ് നടന്നത്-ബാപ്പു ഭവന്‍ സ്മാരകത്തിലെ പ്രധാന ജീവനക്കാരനായ മംഗല്‍ദീപ് തിവാരി പറഞ്ഞു.

ബാപ്പു ഭവനിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

സ്മാരകത്തിലുണ്ടായിരുന്നു ഗാന്ധിയുടെ ഫോട്ടോയിലുടനീളം മോഷ്ടാക്കള്‍ ‘രാജ്യദ്രോഹിയെ’ന്ന് എഴുതിയിട്ടുണ്ടായിരുന്നു.- അദ്ദേഹം പറഞ്ഞു.

ലക്ഷ്മണ്‍ബാഗ് സന്‍സ്ഥാനിലെ ജീവനക്കാരില്‍ നിന്ന് ഞങ്ങള്‍ മൊഴിയെടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ഛായാചിത്രം അപഹരിക്കപ്പെട്ടതായും അതിന് മുകളില്‍ ദേശദ്രോഹി എന്ന് എഴുതുകയുമായിരുന്നു-എസ്.പി അബിദ് ഖാന്‍ പറഞ്ഞു.

മോഷ്ടിച്ച കൂട്ടത്തില്‍ ഗാന്ധിയുടെ ചിതാഭസ്മം അടങ്ങിയിട്ടുണ്ടെന്ന് പരാതിയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥീകരിച്ചിട്ടില്ലെന്നും അബിദ് ഖാന്‍ പറഞ്ഞു. ഐ.പി.സി. 153,504 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഗാന്ധിയുടെ മരണശേഷം ഹൈന്ദവവിശ്വാസ പ്രകാരം ചിതാഭസ്മം നദിയില്‍ ഒഴുക്കിയിരുന്നില്ല. പകരം ബാപ്പു ഭവന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ ഗാന്ധി സ്മാരകങ്ങളിലേക്ക് അവ അയക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more