| Wednesday, 7th October 2015, 2:10 pm

ഗാന്ധിയുടെ ബീഫ് മനുഷ്യരെ കൊല്ലില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

1947 ജൂലൈ 25 ന് ഗാന്ധിജി നടത്തിയ പ്രഭാഷണത്തില്‍ നിന്നുള്ള ചില കാര്യങ്ങളാണ് ഗാന്ധി ഹെറിറ്റേജ് പോര്‍ട്ടല്‍, ‘കളക്ടറ്റഡ് വര്‍ക്ക് ഓഫ് മഹാത്മാഗാന്ധി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്.

ഉത്തര്‍പ്രദേശിലെ ദാദ്രിഗ്രാമത്തില്‍ ഒരു മുസ്ലീം സഹോദരന്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. കൊലപാതകത്തിന്റെ കാരണം തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു. വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്ന് പറഞ്ഞാണ് ചില അക്രമികള്‍ നിയമം നോക്കാതെ ഒരു മനുഷ്യനെ കൊലപ്പെടത്തിയതും കുടുംബത്തെ ഒന്നടങ്കം അക്രമിച്ചതും. ഇതുമായി ബന്ധപ്പെടുത്താവുന്ന ഗാന്ധിയുടെ ചില നിരീക്ഷണങ്ങള്‍ ‘ദ വയര്‍’ എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് താഴെ പറയുന്നത്:

ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 50000 പോസ്റ്റ് കാര്‍ഡുകളും 30000 കത്തുകളും ആയിരക്കണക്കിന് ടെലഗ്രാമുകളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് രാജേന്ദ്ര ബാബു എന്നോട് പറഞ്ഞു. അതിനെ കുറിച്ച് മുമ്പ് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നല്ലോ. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ടെലഗ്രാഫുകളും കത്തുകളും ഒഴുകിയെത്തുന്നത്? അതിന് വലിയ സ്വാധീനങഘ്ങളൊന്നും ഉണ്ടാവണമെന്നില്ല.

ഒരു സുഹൃത്ത് ഗോവധം നിരോധിക്കാനായി നിരാഹാരം ആരംഭിച്ചിരിക്കുന്നുവെന്ന് എനിക്ക് ലഭിച്ച മറ്റൊരു ടെലഗ്രാമില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള ഒരു നിയമവും നിലവിലില്ല. ഗോവധം ഹിന്ദുക്കള്‍ക്കിടയില്‍ നിരോധിക്കപ്പെട്ടതാണെന്നകാര്യത്തില്‍ എനിക്ക് സംശയമില്ല.

കാലങ്ങളായി ഗോക്കളെ പരിപാലിക്കാന്‍ ബാധ്യസ്ഥനായ ഒരാളാണ് ഞാന്‍. എന്നാല്‍ എന്റെ മതമായിരിക്കണം ഇന്ത്യയിലെ മറ്റുള്ളഴവര്‍ക്കും എന്ന് എനിക്കെങ്ങനെയാണ് പറയാന്‍ കഴിയുക? അങ്ങനെ ഞാന്‍ പറയുകയാണെങ്കില്‍ ഇന്ത്യയിലെ അഹിന്ദുക്കള്‍ക്കള്‍ക്കെതിരെ നിര്‍ബന്ധം ചെലുത്തുന്നു എന്നാണതിനര്‍ത്ഥം.

സ്വമനസാലെ ഒരാള്‍ ഗോവധം ഉപേക്ഷിക്കുന്നില്ലെങ്കില്‍ എനിക്കെങ്ങനെ അയാളെ അതിന് നിര്‍ബന്ധിക്കാനാവും? പ്രത്യേകിച്ചും ഇന്ത്യയെ പോലെ വ്യത്യസ്ത മതക്കാര്‍ താമസിക്കുന്ന ഒരു രാജ്യത്ത്. ഇവിടെ ഹിന്ദുക്കള്‍ മാത്രമല്ല ഉള്ളത്, മുസ്ലീങ്ങളുണ്ട്, ക്രിസ്ത്യാനികള്‍ ഉണ്ട്. പാഴ്സികളുണ്ട്, മറ്റു മതക്കാരുണ്ട്.

നമുക്ക് നമ്മുടെ വീടിന്റെ മുകള്‍ നിലകളിലിരുന്ന് ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്താം, ആക്രോശിക്കാം; കാരണം അവിടെ മറ്റുമതങ്ങള്‍ക്കെതിരെ യാതൊരു നിര്‍ബന്ധവും നിലനില്‍ക്കുന്നില്ലല്ലോ. പരിശുദ്ധ ഖുറാനിലെ വരികള്‍ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ചൊല്ലുകയോ, ചൊല്ലാതിരിക്കുകയോ ചെയ്യാം. എന്നാല്‍ മറ്റൊരാള്‍ എന്നെ നിര്‍ബന്ധിച്ച് ഇത് ചെയ്യിക്കുകയാണെങ്കില്‍ എനിക്കത് ഇഷ്ടമാവില്ല.

ഇന്ത്യയെന്നത് ഹിന്ദുക്കളുടെ മാത്രം രാജ്യമായി മാറിയെന്നാണ് ഹിന്ദുക്കളുടെ ധാരണ. അത് തികച്ചും തെറ്റാണ്. ഇവിടെ ജീവിക്കുന്ന എല്ലാവരുടേയും സ്വന്തമാണ് ഇന്ത്യ. നിയമപരമായി നമ്മള്‍ ഇവിടെ ഗോവധനിരോധനം നടത്തിയാല്‍ അതിന്റെ നേരെ വിപരീതമാവും പാക്കിസ്ഥാനില്‍ നടക്കുക.

എന്താവും അതിന്റെ ഫലം? അവര്‍ പറയും ഹിന്ദുക്കളെ അമ്പലത്തില്‍ പോകാന്‍ അനുവദിക്കില്ലെന്ന്. വിഗ്രഹ ആരാധനയെന്നത് ഇസ്ലാമിക നിയമത്തിന് എതിരാണെന്ന് അവര്‍ പറയും. ഓരോ കല്ലിലും ദൈവത്തെ ഞാന്‍ കാണുന്നു. ഈ വിശ്വാസം വെച്ച് എനിക്ക് മറ്റുള്ളവരെ ഉപദ്രവിക്കാന്‍ സാധിക്കുമോ? ക്ഷേത്രങ്ങളില്‍ പോകുന്നത് ഞാന്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അവരെ പോയി കാണുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അയയ്ക്കുന്ന ടെലഗ്രാഫുകള്‍ അവസാനിപ്പിക്കണം. ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത ആവശ്യമാണ് അത്. ഇതിന് വേണ്ടി അവര്‍ പണം ചെലവാക്കുന്നത് ശരിയല്ല.

അതേസമയം ചില സമ്പന്ന ഹിന്ദുവിഭാഗങ്ങള്‍ തന്നെ ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും അവരുടെ കൈകൊണ്ട് ആ പ്രവൃത്തി ചെയ്യുന്നില്ലെന്നതാണ് സത്യം.

ഇന്ത്യയില്‍ നിന്നും പശുക്കളെ ഓസ്ട്രേലിയയിലേക്ക് കയറ്റി അയയ്ക്കുന്നു. അവിടെ വെച്ച് പശുക്കളെ കൊന്ന് അതിന്റെ തൊലി ഉപയോഗിച്ച് ചെരുപ്പുകളും ഷൂകളും നിര്‍മിച്ച് അവ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കുന്നു. ആരാണ് ഇതൊക്കെ ചെയ്യുന്നത്?

എന്റെ പരിചയത്തിലുള്ള ഒരു യാഥാസ്ഥിതിക വൈഷ്ണവ ഹിന്ദു കുടുംബം ഉണ്ട്. അവര്‍ അവരുടെ മക്കള്‍ക്ക് ബീഫ് സൂപ്പാണ് കഴിക്കാന്‍ കൊടുക്കുന്നത്. എന്തുകൊണ്ടാണ് താങ്കള്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്ന എന്റെ ചോദ്യത്തിന് മരുന്നെന്ന നിലയില്‍ ബീഫ് കഴിക്കുന്നത് വലിയ പാപമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഗോവധം നിയമംമൂലം നിരോധിക്കണമെന്ന് മാത്രം പറയുന്നതല്ല മതം എന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ചില ഗ്രാമങ്ങളില്‍ പറ്റാവുന്ന ചരക്കുകള്‍ എല്ലാം കുത്തിനിറച്ച് കാളവണ്ടികളില്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അത് ഗോഹത്യയായിരിക്കില്ല, എന്നിരുന്നാലും അത് സാവധാനം നിര്‍വഹിക്കലാണ്. എനിക്ക് പറയാനുള്ളത് ഇതൊന്നും അസംബ്ലിയില്‍ പോലും ഉന്നയിക്കരുതെന്നാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പീഡനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന കാഴ്ചപ്പാട് ഇപ്പോഴുമുണ്ടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഏത് മുസ്ലീമിനേയാണ് വിശ്വസിക്കേണ്ടതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ചുള്ള നമ്മുടെ കാഴ്ച യഥാര്‍ത്ഥത്തില്‍ എന്താണ്? പാക്കിസ്ഥാനിലെ അമുസ്ലീങ്ങളുടെ അവസ്ഥ എന്തായിരിക്കും?

ഇതിനുത്തരം നേരത്തെ പറഞ്ഞതാണ്, എങ്കിലും ഞാന്‍ ഒരിക്കല്‍ കൂടി പറയുകയാണ്. ഭാരതത്തിലെ എല്ലാ മതങ്ങളേയും പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. സിഖുക്കാര്‍, ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവരെല്ലാം എങ്ങനെയാണ് അതാത് മതങ്ങളെ നടത്തിക്കൊണ്ടു പോകുന്നതെന്നും അവര്‍ ഇന്ത്യയെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും നോക്കേണ്ടതായി വരും.

പാക്കിസ്ഥാന്‍ ഒരു പക്ഷേ മുസ്ലീങ്ങളുടെ മാത്രം സ്വന്തമായിരിക്കാം. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല. അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. നിങ്ങള്‍ ഭീരുത്വം ഇല്ലാതാക്കി ധീരന്മാരാകുക, നിങ്ങള്‍ മുസ്ലീങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നത് അപ്പോള്‍ ഒരു വിഷയമേ അല്ലാതാകും. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റുമുള്ളവര്‍ ഭീരുക്കളാണ്. ഇതിന്റെ പേരില്‍ ഞാന്‍ കുറ്റപ്പെടുത്തലുകള്‍ സ്വീകരിച്ചതാണ്.

എന്തുകൊണ്ടാണ് എന്റെ 30 വര്‍ഷത്തെ അധ്യാപനം ഇത്തരത്തില്‍ നിഷ്ഫലമായിപ്പോയതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അഹിംസ ഭീരുക്കളുടെയും ഒരായുദ്ധമായേക്കാം എന്ന് ഞാന്‍ കരുതിയതെന്തുകൊണ്ടാണ്? ഇപ്പോള്‍ നമ്മള്‍ ധീരന്മാരായി മുസ്ലീങ്ങളെ സ്നേഹിക്കാന്‍ തുടങ്ങിയാല്‍ നമ്മളോട് വിശ്വാസവഞ്ചന കാട്ടുന്നത് വഴി തങ്ങള്‍ക്ക് എന്ത് ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങും. സ്നേഹത്തിന് പകരമായി സ്നേഹം തന്നെ അവരും നമുക്ക് തിരിച്ചുതരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോടിക്കണക്കിന് വരുന്ന മുസ്ലീം സമൂഹത്തെ നമുക്ക് അടിമകളാക്കാന്‍ സാധിക്കുമോ? ആരാണോ മറ്റുള്ളവരെ അടിമകളാക്കാന്‍ ശ്രമിക്കുന്നത് അവരാണ് യഥാര്‍ത്ഥത്തില്‍ അടിമകള്‍. ആയുധത്തിന് ആയുധം കൊണ്ടും ലാത്തിക്ക് ലാത്തി കൊണ്ടും തൊഴിക്ക് തൊഴികൊണ്ടുമാണ് നമ്മള്‍ മറുപടി പറയാന്‍ തീരുമാനിക്കുന്നതെങ്കില്‍ പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കണമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവുമോ? എത്ര കഷ്ടപ്പെട്ടാണോ നമ്മള്‍ സ്വാതന്ത്ര്യം നേടിയെടുത്തത് അത് നമ്മില്‍ നിന്നും നഷ്ടപ്പെട്ടുപോകുന്ന സാഹചര്യം ഉണ്ടാകരുത്.

പ്രാര്‍ത്ഥന പ്രവചന്‍ I p 277-280

നോട്ട്: ഗോവധ നിരോധനത്തെ കുറിച്ച് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ സംവാദങ്ങള്‍ നടന്നു. എന്നാല്‍ അതിന് ഒരു ദേശീയ നിയമം കൊണ്ടുവരണ്ട എന്ന് പൊതു അഭിപ്രായമുണ്ടായി. തുടര്‍ന്ന് അത് നിര്‍ദ്ദേശകതത്വത്തില്‍ (നിര്‍ബന്ധമല്ലാത്തതാണ് ഈ വകുപ്പ്) ഉള്‍പ്പെടുത്തുകയായിരുന്നു. അതായിരുന്നു സംവാദങ്ങളുടെ ലക്ഷ്യവും.

കടപ്പാട് : ദി ന്യൂസ് മിനിറ്റ്

We use cookies to give you the best possible experience. Learn more