ഗാന്ധി: ചരിത്രത്തിലും വര്‍ത്തമാനത്തിലും
Mahatma Gandhi
ഗാന്ധി: ചരിത്രത്തിലും വര്‍ത്തമാനത്തിലും
കെ.ടി. കുഞ്ഞിക്കണ്ണന്‍
Thursday, 17th October 2019, 2:12 pm
കേന്ദ്രഭരണാധികാരം ഉപയോഗിച്ച് തങ്ങളുടെ ഹിന്ദുത്വഅജണ്ട നടപ്പാക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ അപ്രസക്തമാക്കിക്കൊണ്ടാണ് പൗരത്വനിയമവും മുത്തലാഖ്, എന്‍.ഐ.എ-യു.എ.പി.എ നിയമഭേദഗതികള്‍ കൊണ്ടുവന്നതും കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും. ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഗാന്ധിസ്മരണയുടെ പ്രസക്തി വര്‍ദ്ധിതമായിരിക്കുന്നു.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചരിത്രത്തില്‍ ആരായിരുന്നുവെന്നും ഗാന്ധിജിയുടെ ദര്‍ശനങ്ങളുടെയും ഇടപെടലുകളുടെയും സമകാലീന പ്രസക്തി എന്തെന്നും വിശകലനവിധേയമാക്കിക്കൊണ്ടേ രാജ്യത്തിന്റെ പരമാധികാരത്തിനും സ്വാശ്രയത്വത്തിനും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരായി ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് രാഷ്ട്രീയ ഭീഷണികളെ പ്രതിരോധിക്കാനാവൂ. വാക്കുകളില്‍ നിന്ന് അര്‍ത്ഥവും ചരിത്രത്തില്‍ നിന്ന് സത്യവും നഷ്ടപ്പെട്ടുപോകുന്ന കാലത്താണ് ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം കടന്നുപോകുന്നത്. ഗാന്ധി ഘാതകര്‍ തന്നെ ഗാന്ധിജിയുടെ ജീവിതസന്ദേശം ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കുന്ന സത്യാനന്തരകാലം. സത്യത്തിനും അഹിംസയ്ക്കും നീതിക്കുംവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഏകാന്തവഴികളിലൂടെ സഞ്ചരിച്ച മഹാത്മാവിനെ സത്താരഹിതമായി അപനിര്‍മ്മിക്കുകയാണ് മതരാഷ്ട്രവാദികളും ഉത്തരാധുനിക പണ്ഡിതന്മാരും.

ഈയൊരു സാഹചര്യത്തിലാണ് ഗാന്ധിജിയുടെ ജീവിതത്തെയും ചിന്തകളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ ആവശ്യമായിത്തീരുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ ഇന്ത്യയിലെ ബഹുജനങ്ങളെയാകെ അണിനിരത്തുന്നതില്‍ വിസ്മയകരമായ പങ്കാണ് ഗാന്ധിജി വഹിച്ചിട്ടുള്ളത്.

ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ രണഭൂമികളിലേക്ക് ഇറക്കിക്കൊണ്ടുവന്ന അസാമാന്യമായ നയചാതുര്യവും രാഷ്ട്രീയ സമീപനവും ഗാന്ധിജിയുടെ സവിശേഷതയായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ബഹുജന അടിത്തറയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കുകയും ചെയ്തത് ഗാന്ധിജിയാണ്.

സ: ഇ.എം.എസ് എഴുതിയത്: ”ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ സംഘടിപ്പിക്കുന്നതില്‍- അദ്ദേഹത്തിന്റെ ഭാഷയില്‍ ദരിദ്രനാരായണന്മാരായ കര്‍ഷകജനസാമാന്യത്തെ രംഗത്തിറക്കുന്നതില്‍ വിശേഷിച്ചും- അദ്ദേഹം വഹിച്ച പങ്ക് ആദരണീയമാണ്. താന്‍ മുറുകെ പിടിച്ചതും ആത്മീയ പരിവേഷമുള്ളതുമായ സത്യം, അഹിംസ, ദരിദ്രനാരായണ സേവ മുതലായവ ഓരോന്നും അദ്ദേഹം ഉപയോഗിച്ചത് ദേശീയ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാനാണ്. ഞാന്‍ കൂടി ഉള്‍പ്പെടുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഇത് സഹായിച്ചു.”

ഗാന്ധി ഇന്ത്യക്കാരുടെ മഹാത്മാവായി വളര്‍ന്നത് അദ്ദേഹം ജീവിച്ച കാലത്തെയും ജനങ്ങളുടെ വിചാരവികാരങ്ങളെയും സ്വാംശീകരിക്കുകയും അവയ്ക്ക് പ്രക്ഷോഭകരമായ രൂപം നല്‍കുകയും ചെയ്തതിലൂടെയാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങളും പ്രതീകങ്ങളും അതിനുള്ള മാര്‍ഗാവിഷ്‌കരണവും നടത്തുന്നത് ഒരു കലയും ശാസ്ത്രവുമായി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു.

ഗാന്ധിയെന്ന ഇന്ത്യയുടെ ദേശീയ വിമോചന നായകന്‍ രൂപപ്പെട്ടുവന്ന ചരിത്രസാഹചര്യത്തില്‍ നിന്നേ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ചിന്തകളെയും വിലയിരുത്താനാവൂ എന്ന നിലപാടാണ് മാര്‍ക്സിസ്റ്റുകള്‍ തുടക്കം മുതല്‍ മുന്നോട്ടുവെച്ചത്. ഗാന്ധിജിയെന്ന വ്യക്തിയും അദ്ദേഹത്തിന്റെ ദര്‍ശനവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയ സ്വാധീനത്തെ 1920-കളില്‍ തന്നെ കമ്യൂണിസ്റ്റുകാര്‍ വിലയിരുത്തിയിരുന്നു. ഏതാണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അതേ ഘട്ടത്തില്‍ തന്നെയാണ് ഗാന്ധി ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നതും.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഗാന്ധി അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള വ്യവസായനഗരങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ പണിമുടക്ക് സമരങ്ങളില്‍ പങ്കാളിയാകുന്നതിലും വ്യാപൃതനായിരുന്നു. ഒരര്‍ത്ഥത്തില്‍ വ്യവസായത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശസമരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

1921-ല്‍ തന്നെ എസ്.എ ഡാങ്കെ ‘ഗാന്ധിയും ലെനിനും’ എന്ന കൃതിയിലൂടെ ഗാന്ധിയുടെ വീക്ഷണങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വിലയിരുത്താനുള്ള ശ്രമം നടത്തി. ചൗരിചൗരാ സമരം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യസമരസേനാനികള്‍ക്കിടയില്‍ കടുത്ത ഗാന്ധിവിരുദ്ധത ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സമഗ്രമായ ഒരു വിശകലനം നടത്താനുള്ള ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂന്നാം ഇന്റര്‍നാഷണലിന്റെ മുഖപത്രമായ ഇബ്രകോറില്‍ നിരവധി ലേഖനങ്ങള്‍ അക്കാലത്ത് ഗാന്ധിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും കുറിച്ച വന്നിരുന്നു.

എം.എന്‍ റോയിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ‘വാന്‍ഗാര്‍ഡി’ല്‍ എവ്ലിന്റോയ് ശാന്തീദേവി എന്ന തൂലികാനാമത്തില്‍ സമഗ്രമായൊരു ഗാന്ധിവിശകലനം എഴുതുകയുണ്ടായി. ചൗരിചൗരയ്ക്കുശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഗാന്ധിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എവ്ലിന്റോയ് പരിശോധിച്ചത്. രാഷ്ട്രീയ നയങ്ങളിലെ എല്ലാവിധ ദൗര്‍ബല്യങ്ങളെയും മറികടക്കുന്ന ഗാന്ധിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ എവ്ലിന്റോയ് ചെയ്തത്.

അവര്‍ എഴുതി: ”മെലിഞ്ഞ അര്‍ദ്ധനഗ്‌നനായ ഈ മനുഷ്യന്റെ കറുത്ത ശരീരത്തെ പൂര്‍ണമായും അധീനപ്പെടുത്തിയിട്ടുള്ള ഒരു മനസ്സുണ്ട്. പടക്കപ്പലുകളോ യന്ത്രത്തോക്കുകളോ ഉപയോഗിച്ച് അതിനെ കഷണം കഷണമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനെ കീഴടക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികള്‍ അദ്ദേഹത്തെ ഉപദ്രവിക്കാതിരുന്നത്. കഴിയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തുകൊണ്ട് ആറുവര്‍ഷക്കാലത്തേക്ക് അദ്ദേഹത്തെ വെറും തടവില്‍ വെയ്ക്കാനേ അവര്‍ ധൈര്യപ്പെട്ടുള്ളൂ. ഇതാകട്ടെ അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടിമാത്രമാണ് താനും.

ഇന്ന് വീശുന്ന കൊടുങ്കാറ്റ് സ്വല്‍പമൊന്നു ശാന്തമായാല്‍ അദ്ദേഹത്തെ അവര്‍ വിടും. എന്തുകൊണ്ടെന്നാല്‍, മഹാത്മാവായ ഗാന്ധി ജയിലില്‍ കിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ജനലക്ഷങ്ങളുടെ ആദരപാത്രമായ രക്തസാക്ഷി ഗാന്ധിയായിരിക്കും. ജയിലില്‍ കിടക്കുന്ന ഗാന്ധി സ്വതന്ത്രനായ ഗാന്ധിയേക്കാള്‍ അപകടകാരിയാണ് എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്.”

ഈ ലേഖനത്തില്‍ എവ്ലിന്റോയ് ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ദാര്‍ശനികവീക്ഷണത്തിലും രാഷ്ട്രീയത്തിലുമുള്ള വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അപ്പോഴും ജനങ്ങളുടെ വിചാരവികാരങ്ങളെ ഏകോപിപ്പിക്കുന്നതിനും ബഹുജനസമരങ്ങളിലൂടെ രാഷ്ട്രീയാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഗാന്ധിക്കുള്ള അസാമാന്യമായ രാഷ്ട്രീയ സംഘടനാപാടവമാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയതെന്ന ചരിത്രസത്യത്തെ അടിവരയിട്ട് എവ്ലിന്‍ സമര്‍ത്ഥിച്ചു.

ഗാന്ധിജിയുടെ അനശ്വര വ്യക്തിത്വത്തെയും ചരിത്രത്തിലെ സ്ഥാനത്തെയും കുറിച്ച് എവ്ലിന്റോയ് എഴുതിയത് നോക്കൂ: ”ഇന്ത്യന്‍ ബഹുജനപ്രസ്ഥാനത്തില്‍ ഗാന്ധി ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ഈ നിഷ്പക്ഷവിശകലനം അവസാനിപ്പിക്കുന്നതിന് മുമ്പ്, രാഷ്ട്രീയക്കാരനായ ഗാന്ധിയെ വാഴ്ത്തിക്കൊണ്ട് ചിലത് പറയേണ്ടിയിരിക്കുന്നു.

ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ നാട്ടിലെ സഹോദരന്മാരോടുള്ള അഗാധമായ സ്നേഹത്താല്‍ പ്രേരിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. രാഷ്ട്രീയ അടവുകളുടെ കാര്യത്തില്‍ പല തെറ്റുകളും ചെയ്ത ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ രാജ്യസ്നേഹം മഹത്താണ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലും രാജ്യത്തെ സ്വതന്ത്രമാക്കി, അതിന്റെ സന്തതികള്‍ക്ക് സന്തോഷകരമായ ഒരു ജീവിതം നല്‍കാനുള്ള അഗാധമായ ആഗ്രഹം അടങ്ങിയിരിക്കുന്നു.

കോടതിയില്‍വെച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തൊലിയുരിച്ച് കാണിച്ചുകൊണ്ടും ഗവണ്‍മെന്റിനെതിരായി അസംതൃപ്തി പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം സമ്മതിച്ചുകൊണ്ടും ഗാന്ധി ചെയ്ത പ്രസ്താവനയെക്കാള്‍ അനശ്വരമായിത്തീരുന്ന കാഴ്ചയും ചരിത്രവും കാണില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് പറ്റിയ രാഷ്ട്രീയ പരാജയങ്ങള്‍ വിസ്മരിക്കപ്പെട്ടതിനുശേഷവും വളരെക്കാലത്തോളം രാജ്യത്തിന്റെ മഹാത്മാക്കളുടെയും ദേശാഭിമാനികളുടെയും കൂട്ടത്തില്‍ അദ്ദേഹം ജീവിയ്ക്കും.”

ഗാന്ധിജി ഉള്‍പ്പെടെയുള്ള നമ്മുടെ ദേശീയ നേതൃത്വം ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ രൂപപ്പെടുത്തിയ ഇന്ത്യയെന്ന സങ്കല്‍പം തന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിലാണ് നാം ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നത്. ന്യൂനപക്ഷങ്ങളും ദളിതുകളും സ്ത്രീകളും ഭരണഘടനയുടെ ഫെഡറല്‍ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളും വേട്ടയാടപ്പെടുന്ന അത്യന്തം ആപല്‍ക്കരമായ ഒരു സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

കേന്ദ്രഭരണാധികാരം ഉപയോഗിച്ച് തങ്ങളുടെ ഹിന്ദുത്വഅജണ്ട നടപ്പാക്കാനുള്ള നീക്കമാണ് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ അപ്രസക്തമാക്കിക്കൊണ്ടാണ് പൗരത്വനിയമവും മുത്തലാഖ്, എന്‍.ഐ.എ-യു.എ.പി.എ നിയമഭേദഗതികള്‍ കൊണ്ടുവന്നതും കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും. ഇന്ത്യയുടെ ബഹുസ്വരതയും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഗാന്ധിസ്മരണയുടെ പ്രസക്തി വര്‍ദ്ധിതമായിരിക്കുന്നു.

1886-ലെ കല്‍ക്കത്ത എ.ഐ.സി.സി സമ്മേളനം മുന്നോട്ടുവെച്ച മതനിരപേക്ഷരാഷ്ട്രം എന്ന സങ്കല്‍പത്തെ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യയെന്ന ആശയവും ഇന്ത്യയെന്ന ജനങ്ങളുടെ ഐക്യവും എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് കല്‍ക്കത്ത സമ്മേളനത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കി: ”മഹാഭൂരിപക്ഷം രാഷ്ട്രീയപ്രശ്നങ്ങളില്‍ പരസ്പരം പ്രതിനിധീകരിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് സമൂഹത്തോടുള്ള ലൗകിക താല്‍പര്യമാണ്; ആത്മീയ ബന്ധങ്ങളല്ല. ഈ രാജ്യത്തെ പൊതുതാല്‍പര്യം ഒന്നായിരിക്കെ, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും പാര്‍സികളും അവരവരുടെ സമുദായങ്ങളിലെ അംഗങ്ങളായിരിക്കാനും യോഗ്യരായിരിക്കുന്നതുപോലെ പൊതുമതനിരപേക്ഷ ചര്‍ച്ചകളില്‍ പരസ്പരം പ്രതിനിധീകരിക്കാനും യോഗ്യരാണ്.”

ഹിന്ദുമഹാസഭയും പിന്നീട് ആര്‍.എസ്.എസും മുസ്‌ലിംലീഗുമെല്ലാം മതമാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്ന് വാദിച്ചപ്പോള്‍ ഗാന്ധി ഈയൊരു നിലപാടില്‍ നിന്നാണ് അത്തരം വര്‍ഗീയവാദ സിദ്ധാന്തങ്ങളെ പ്രതിരോധിച്ചത്. ഹിന്ദുമഹാസഭയുടെ ആദ്യകാല നേതാക്കള്‍ ഹൈന്ദവതയാണ് പ്രധാനം രാഷ്ട്രമല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഒരാള്‍ ആദ്യമായി ഹിന്ദുവാണെന്നും പിന്നെ മാത്രമെ ഇന്ത്യക്കാരനാകുന്നുള്ളൂ എന്നതുപോലുള്ള വാദങ്ങളാണ് ഹിന്ദുമഹാസഭയുടെ സ്ഥാപകനേതാക്കള്‍ മുന്നോട്ടുവെച്ചത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം ഹിന്ദുക്കളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ക്കെതിരായുള്ള പോരാട്ടത്തെ അപ്രസക്തമാക്കിക്കളയുമെന്ന വേവലാതിയായിരുന്നു അവര്‍ക്ക്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസ്‌ലിംലീഗെന്നപോലെ ഹിന്ദുമഹാസഭയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനായി ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയോടെ രൂപംകൊണ്ടതാണ്. ഗാന്ധിജിയോടും നെഹ്റുവിനോടുമുള്ള ആര്‍.എസ്.എസിന്റെ എതിര്‍പ്പിന്റെ മൂലകാരണം തങ്ങള്‍ ഒന്നാമത്തെ ശത്രുവായി കാണുന്ന മുസ്‌ലിങ്ങളെ മാറോടണക്കുകയും ഹിന്ദുമുസ്‌ലിം മൈത്രിക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നുവെന്നതായിരുന്നു. ഹിന്ദുമുസ്‌ലിം മൈത്രിയില്ലാതെ സ്വരാജ് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലെന്ന് നിരന്തരമായി ഓര്‍മ്മിപ്പിച്ച ഗാന്ധി ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ശത്രുവായി മാറുകയായിരുന്നു.

ഗോപാലകൃഷ്ണഗോഖലെ നേരത്തെതന്നെ മതരാഷ്ട്രവാദം ഉയര്‍ത്തി ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ അസ്ഥിരീകരിക്കുന്ന ഹിന്ദുമഹാസഭയെയും മുസ്‌ലിംലീഗിനെയും രാജ്യദ്രോഹ സംഘടനകളായിട്ടാണ് വിലയിരുത്തിയത്. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനം ഉണ്ടാക്കിയ ബ്രിട്ടീഷ് വിരുദ്ധ ദേശീയമുന്നേറ്റങ്ങള്‍ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഹിന്ദുമഹാസഭയേക്കാള്‍ മിലിറ്റന്റായ ഒരു സംഘടനയെന്ന നിലയ്ക്ക് ആര്‍.എസ്.എസ് രൂപീകരിക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത്. ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും ശത്രുവായി ഗാന്ധി മാറുന്നത് ഹിന്ദുരാഷ്ട്രവാദത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതുകൊണ്ടാണ്.

ഹൈന്ദവതക്ക് പൊറുപ്പിക്കാനാവാത്ത അപരാധമായിട്ടാണ് ഗാന്ധിജിയുടെ ഇടപെടലുകളെയും ഹിന്ദുമുസ്‌ലിം മൈത്രിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും ആര്‍.എസ്.എസ് കണ്ടത്. മുസ്‌ലിംങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായി നടത്തിക്കൊണ്ടിരിക്കുന്ന ക്ഷുദ്രവികാരങ്ങള്‍ ഉണര്‍ത്തുന്ന പ്രചരണങ്ങളാണ് അവര്‍ ഗാന്ധിക്കെതിരെയും നടത്തിയത്. അത്തരം അപവാദ പ്രചരണങ്ങളുടെയും ക്രൂരമായ ആക്രമണങ്ങളുടെയും നടുവില്‍ നിന്നാണ് ഗാന്ധിജി ഇങ്ങനെ ചോദിച്ചത്: ”യുധിഷ്ഠിരന്റെ ധര്‍മ്മബോധവും പാണ്ഡവരുടെ ക്ഷമാശീലവുമുള്ള, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മുസ്‌ലിംങ്ങള്‍ തന്റെ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന, സനാതന ഹിന്ദുവായ ഒരു ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് അത്രവലിയ അപരാധമാണോ?”

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിവധെത്തയും അതിലേക്ക് നയിച്ച സാഹചര്യത്തെയും സംബന്ധിച്ച് എന്നും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഹിന്ദുത്വവാദികള്‍ ശ്രമിച്ചത്. തങ്ങളുടെ അപരാധപൂര്‍ണമായ പങ്കിനെ മറച്ചുപിടിക്കാനുള്ള കൗശലമാണ് അവരുടെ പ്രചാരവേലകളെന്ന് ചരിത്രബോധമുള്ള എല്ലാവര്‍ക്കും അറിവുള്ളതാണ്. സംഘടനാതലത്തില്‍ ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്നും ഗോഡ്സെ ആര്‍.എസ്.എസ് അംഗമല്ലെന്നുമാണ് നിരന്തരമായി അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അത്തരം വാദങ്ങളെയും നിഷേധപ്രസ്താവനകളെയും അപ്രസക്തമാക്കുന്ന തരത്തിലാണ് 1991 ജൂണ്‍ 5-ന് പൂനെയിലെ ഒരു പത്രസമ്മേളനത്തില്‍ ഗോപാല്‍ഗോഡ്സെ തന്റെ സഹോദരന്‍ നാഥുറാം ഒരു ആര്‍.എസ്.എസ് വളണ്ടിയറായിരുന്നുവെന്ന് പ്രസ്താവിച്ചത്.

1993 നവംബര്‍ 23-ന്റെ ഫ്രണ്ട്ലൈന്‍ ലക്കത്തില്‍വന്ന ഗോപാല്‍ഗോഡ്സെയുമായുള്ള അഭിമുഖത്തില്‍ നാഥുറാംഗോഡ്സെയുടെ ആര്‍.എസ്.എസ് ബന്ധം കൃത്യമായി വിശദീകരിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. ഗാന്ധിവധത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമ്പോള്‍ നമുക്ക് അത് കൃത്യമായി മനസ്സിലാകും.

1946-ല്‍ പാക്കിസ്ഥാന്‍വാദം ഉയര്‍ത്തി ജിന്നയും ലീഗും പ്രത്യക്ഷസമരത്തിന് ആഹ്വാനം ചെയ്തതോടെയാണ് ആര്‍.എസ്.എസുകാര്‍ നാടുനീളെ വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിട്ടത്. ആര്‍.എസ്.എസ് മേധാവിയായ ഗോള്‍വാള്‍ക്കര്‍, കലാപങ്ങളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളെ അതീവ അസഹിഷ്ണുതയോടെയാണ് നേരിട്ടത്.

ഹിന്ദുമുസ്‌ലിം ഐക്യം കൂടാതെ സ്വരാജ് യാഥാര്‍ത്ഥ്യമാകില്ലെന്ന് പ്രഖ്യാപിക്കുന്നവര്‍ സമൂഹത്തോട് കടുത്ത വഞ്ചന കാണിക്കുകയാണെന്നും മഹത്തും പൗരാണികവുമായ ഒരു വംശത്തിന്റെ ശക്തി ചോര്‍ത്തിക്കളയുകയാണെന്നും ഗാന്ധിയെ പേരെടുത്തുപറയാതെ ഗോള്‍വാള്‍ക്കര്‍ അധിക്ഷേപിച്ചു. ഹിന്ദുമുസ്‌ലിം ഐക്യത്തെയും ഇന്ത്യയുടെ പൗരാണികതയെയും സംബന്ധിച്ച് ആര്‍.എസ്.എസിന്റെ വീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായ ധാരണയായിരുന്നു ഗാന്ധിജിക്കുള്ളതെന്ന കാര്യം ഹിന്ദുത്വവാദികളെ എന്നും അസ്വസ്ഥപ്പെടുത്തിയിരുന്നു.

ആര്‍.എസ്.എസും മുസ്‌ലിംലീഗും ബംഗാളിലെ നവഖാലിയില്‍ രക്തപങ്കിലമായ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തതോടെയാണ് ഗാന്ധി അങ്ങോട്ട് തിരിക്കുന്നത്. നവഖാലിയിലെ ചതുപ്പുനിലങ്ങളില്‍ കബന്ധങ്ങളും ചോരയും നിറഞ്ഞു. അവിടെ സമാധാനത്തിന്റെ മന്ത്രങ്ങളുമായി ഗാന്ധി കടന്നുചെന്നതും ഹിന്ദുത്വവാദികള്‍ക്ക് സഹിച്ചില്ല. മതരാഷ്ട്രവാദത്തെയും വര്‍ഗീയതയെയും എതിര്‍ത്തതുകൊണ്ടുതന്നെയാണ് ഗാന്ധിക്ക് ജീവിതമവസാനിപ്പിക്കേണ്ടിവന്നത്. ഗാന്ധിയുടെ രക്തസാക്ഷിത്വം ഇന്ത്യയുടെ ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയായിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും പാര്‍സികളും നാനാജാതികളും വംശങ്ങളും ചേര്‍ന്നതാണ് ഇന്ത്യയെന്ന സങ്കല്‍പത്തിനുവേണ്ടിയാണ് ഗാന്ധി ജീവന്‍ നല്‍കിയത്.

ഗാന്ധിയുടെ ജീവിതവും രക്തസാക്ഷിത്വവും വര്‍ഗീയവംശീയതക്കെതിരായ സെക്കുലര്‍ ജനാധിപത്യത്തിനുവേണ്ടിയായിരുന്നു. ഗാന്ധിസ്മരണ ഇന്ത്യയുടെ ബഹുസ്വരതയെ നിഷേധിക്കുന്ന ഹിന്ദുത്വത്തിന്റെ ബലപ്രയോഗങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവര്‍ഗീയതയും ചേര്‍ന്ന ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കുകയാണ്. മറ്റെല്ലാ വീക്ഷണ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യയെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതാണ് എല്ലാ വിഭാഗത്തിലുംപെട്ട ജനാധിപത്യവാദികളില്‍ അര്‍പ്പിതമായിരിക്കുന്ന കടമ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ ഏകോപിപ്പിച്ച് ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിയുടെ ധീരസ്മരണ, ഭരണഘടനാ സംരക്ഷണത്തിനും ഇന്ത്യയുടെ രക്ഷയ്ക്കുംവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കട്ടെ.

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍