ന്യൂദല്‍ഹി: പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യയുടെ വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിരാടിനെ രാജീവ് ഗാന്ധി കുടുംബത്തെ ടൂറിന് കൊണ്ടു പോകാനുള്ള പ്രൈവറ്റ് ടാക്‌സിയാക്കിയെന്ന ആരോപണവുമായി മോദി.
സോണിയാ ഗാന്ധിയുടെ ബന്ധുക്കളായ ഇറ്റാലിയന്‍ പൗരന്‍മാരെയും രാജീവ് ഗാന്ധി കപ്പലില്‍ കൊണ്ടു പോയെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും മോദി പറഞ്ഞു.
10 ദിവസത്തേക്ക് കപ്പല്‍ രാജീവ്ഗാന്ധിയ്ക്ക് വേണ്ടി നിര്‍ത്തിയിട്ടെന്നും നാവിക ഉദ്യോഗസ്ഥരെയും ഹെലികോപ്ടറുകളെയും രാജീവ് ഗാന്ധി തന്റെ കുടുംബത്തിന്റെ അവധിക്കാലാഘോഷത്തിനായി ഉപയോഗിച്ചെന്നും മോദി ആരോപിച്ചു.
1987ലെ രാജീവ്ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് മോദിയുടെ വിമര്‍ശനമെന്നാണ് സൂചന.
രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. ബോഫോഴ്സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു.