ചൈന 24 മണിക്കൂറിനുള്ളില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 24,000 ആളുകള്‍ക്ക് തൊഴിലുകള്‍ നിഷേധിക്കുന്നു; രാഹുല്‍ ഗാന്ധി
D' Election 2019
ചൈന 24 മണിക്കൂറിനുള്ളില്‍ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 24,000 ആളുകള്‍ക്ക് തൊഴിലുകള്‍ നിഷേധിക്കുന്നു; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2019, 11:10 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതുതായി തൊഴിലസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 24 മണിക്കൂറിനുള്ളില്‍ ചൈന 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 24,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചണ്ഡീഗഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘ഇന്ത്യക്ക് തൊഴിലവസരങ്ങള്‍ വേണം. രാജ്യം ബുദ്ധിമുട്ടുന്നത് തൊഴില്ലായ്മ കാരണമാണ്. ചൈന 24 മണിക്കൂറുകള്‍ക്കകം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 24,000 യുവജനങ്ങളുടെ തൊഴിലസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നരേന്ദ്ര മോദി മേക് ഇന്ത്യ എന്ന് പറയുന്നു, എന്നാല്‍ 45 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം അഭിമുഖീകരിച്ച ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മാ നിരക്കാണ് ഇന്നുള്ളത്’- രാഹുല്‍ ഗാന്ധി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പുതു സംരഭകര്‍ക്ക് ആദ്യത്തെ മൂന്ന് വര്‍ഷം വരെ സര്‍ക്കാറില്‍ നിന്നും ബിസിനസ്സിനുള്ള അനുമതി വേണ്ടെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം രാഹുല്‍ ആവര്‍ത്തിച്ചു.

‘ഇന്ന്, ഒരു സംരഭകന് വ്യവസായം ആരംഭിക്കണമെങ്കില്‍ സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കണം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍, ആര്‍ക്കെങ്കിലും ചൈനയുമായി മത്സരിച്ച് കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കണമെന്നുണ്ടെങ്കില്‍ ആദ്യത്തെ മൂന്ന് വര്‍ഷം സര്‍ക്കാറില്‍ നിന്ന് അനുമതിക്കായി കാത്തു നില്‍ക്കേണ്ട ആവശ്യമുണ്ടാവില്ല’- രാഹുല്‍ പറയുന്നു.

ചണ്ഡീഗഡ് ആസൂത്രണം ചെയ്ത് നിര്‍മിക്കപ്പെട്ട ഒരു നഗരമാണെന്നും, എന്നാല്‍ ചണ്ഡീഗഡിന്റെ വികസനത്തിനായി മോദി ഒന്നു ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘ഹരിയാനയിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് ഇവിടെ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിച്ച് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള അനുവാദവും ചോദിച്ചിരുന്നു. എന്നാല്‍ മോദിക്ക് ഈ നഗരത്തിന് ഒരു വിമാനത്താവളം സ്ഥാപിക്കാന്‍ താല്‍പര്യമില്ലായിരുന്നു’- രാഹുല്‍ പറയുന്നു.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മെയ് 19നാണ് ചണ്ഡീഗഡിലെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 23ന് പുറത്തു വരും.