| Wednesday, 22nd September 2021, 8:14 pm

ഗാന്ധി കുട്ടികള്‍ക്ക് അനുഭവപരിചയം വളരെ കുറവാണ്; പ്രിയങ്കയ്ക്കും രാഹുലുനുമെതിരെ ഒളിയമ്പുമായി അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

‘ ഗാന്ധി കുട്ടികള്‍ക്ക്’ അനുഭവ പരിചയം വളരെ കുറവാണെന്നും ഉപദേശകരാണ് അവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നുമാണ് അമരീന്ദര്‍ പറഞ്ഞത്.

പ്രിയങ്കയും രാഹുലും തന്റെ കുട്ടികളെപ്പോലെയാണെന്നും അമരീന്ദര്‍ പറഞ്ഞു.

” പ്രിയങ്കയും രാഹുലും എന്റെ കുട്ടികളെപ്പോലെയാണ്. ഇത് ഇങ്ങനെ അവസാനിക്കാന്‍ പാടില്ലായിരുന്നു. എനിക്ക് വേദനിച്ചു,” നേതൃത്വം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട നടപടി സൂചിപ്പിച്ച് അമരീന്ദര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ അമരീന്ദര്‍ തുറന്നുപോര് പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് വില കൊടുത്തും സിദ്ദു മുഖ്യമന്ത്രിസ്ഥാനത്ത് എത്തുന്നത് തടയുമെന്ന് അമരീന്ദര്‍ പറഞ്ഞു. സിദ്ദു സംസ്ഥാനത്തിന് തന്നെ വലിയ വിപത്താണെന്നാണ് അമരീന്ദര്‍ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് ഒരു കൂട്ടം എം.എല്‍.എമാരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് അമരീന്ദര്‍ രാജിവെക്കുന്നത്.

അമരീന്ദറും സിദ്ദുവും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായവ്യത്യാസം ഉണ്ട്. അമരീന്ദറിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷനാക്കിയത്.

പ്രിയങ്കാ ഗാന്ധിയുേടയും രാഹുല്‍ ഗാന്ധിയുടേയും അടുത്ത ആളാണ് സിദ്ദു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സിദ്ദു എത്താന്‍ സാധ്യത കൂടുതലാണ്. ഈ ഒരു സാഹചര്യം മുന്നില്‍ക്കണ്ടാണ് അമരീന്ദറിന്റെ പ്രതികരണം.

സിദ്ദുവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കിയാല്‍ പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പദ്ധിയും അമരീന്ദറിന് ഉണ്ട്. അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Gandhi children” were “quite inexperienced

We use cookies to give you the best possible experience. Learn more