'മഹാത്മാ' എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ല; അംബേദ്കറിനൊപ്പമല്ല ഗാന്ധിയുടെ സ്ഥാനം: അരുന്ധതി റോയ്
Kerala Literature Festival
'മഹാത്മാ' എന്ന വിശേഷണത്തിന് ഗാന്ധി അര്‍ഹനല്ല; അംബേദ്കറിനൊപ്പമല്ല ഗാന്ധിയുടെ സ്ഥാനം: അരുന്ധതി റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 7:33 pm

കോഴിക്കോട്: ഗാന്ധി മഹാത്മാ എന്ന വിശേഷണത്തിന് അര്‍ഹനല്ലെന്ന് എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്. ഘാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗാന്ധിയുടെ പ്രതിമ നീക്കിയത് ഇതിന് തെളിവാണെന്നും ഗാന്ധിയുടെ സ്ഥാനം അംബേദ്കറിനൊപ്പമല്ലെന്നും അരുന്ധതി പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി.

“ഗാന്ധിയെ മഹാത്മാ എന്ന് വിളിക്കാന്‍ പാടില്ല. അദ്ദേഹം അതിനര്‍ഹനല്ല. ഘാന യൂണിവേഴ്‌സിറ്റിയിലെ പ്രതിമ മാറ്റിയത് അതിന്റെ തെളിവാണ്. സൗത്ത് ആഫ്രിക്കയില്‍ വെച്ച് ആഫ്രിക്കക്കാരും ഇന്ത്യക്കാരും ഒരേ വാതിലിലൂടെ പ്രവേശിക്കരുത് എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. തങ്ങള്‍ ആര്യന്മാരാണെന്നും ഗാന്ധി പറഞ്ഞു. അംബേദ്ക്കറിനൊപ്പമല്ല അദ്ദേഹത്തിന്റെ സ്ഥാനം. വിഗ്രഹ ആരാധനയില്‍ ആഴത്തില്‍ കുടുങ്ങി കിടക്കുന്ന ജനത ആയിട്ടാണ് ആഫ്രിക്കക്കാര്‍ നമ്മളെ കാണുന്നത്”- അരുന്ധതി പറഞ്ഞു.

Also Read ‘ഗാന്ധി വംശീയവാദി’; ഘാനയിലെ സർവകലാശാലയിൽ നിന്നും ഗാന്ധിപ്രതിമ നീക്കം ചെയ്തു

രാജ്യം തെരഞ്ഞെടുപ്പിന്റേയും സംവരണം വിഷയത്തിന്റേയും കാര്യം വരുമ്പോള്‍ മാത്രമേ ജാതിയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യാറുള്ളുവെന്നും അരുന്ധതി കുറ്റപ്പെടുത്തി.

തന്റെ ലേഖനങ്ങള്‍ തന്റെ ആയുധമാണെന്നും നിഷ്പക്ഷയാകാന്‍ താനില്ലെന്നും അവര്‍ പറഞ്ഞു. ജനപ്രിയ അഭിപ്രായങ്ങള്‍ക്ക് പിന്നാലെ പോകാതെ ശരിയായ നിലപാട് എടുക്കണമെന്നും അരുന്ധതി പറഞ്ഞു. കാശ്മീരില്‍ നടക്കുന്നത് എന്താണെന്ന് ആളുകളുമായി സംവദിക്കണം എന്നുള്ളതുകൊണ്ടാണ് താന്‍ എഴുതുന്നതെന്നും അവര്‍ പറഞ്ഞു.

Also Read എന്നോട് ആള്‍ക്കാര്‍ മിണ്ടാതിരിക്കാന്‍ പറയാറുണ്ട്. പക്ഷെ എനിക്ക് പേടിയില്ല: പ്രകാശ് രാജ്

“ഗാന്ധി വംശീയവാദിയാണെന്ന് ചൂണ്ടിക്കാട്ടി ഘാന സര്‍വകലാശാലയില്‍ നിന്നും അദ്ദേഹത്തിന്റെ പ്രതിമ സര്‍വകലാശാല അധികൃതര്‍ നീക്കിയിരുന്നു. ഗാന്ധി ആഫ്രിക്കന്‍ ജനതയ്‌ക്കെതിരെ നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയതോടെയായിരുന്നു അധികൃതര്‍ പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്”. അരുന്ധതി പറഞ്ഞു.