ന്യൂദല്‍ഹി: തന്റെ പിതാവും മഹാത്മാഗാന്ധിയും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിത ബോസ് ഫാഫ്.
തനിക്ക് നേതാജിയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിക്ക് തോന്നിയിരുന്നെന്നും എന്നാല്‍, മറുവശത്ത്, തന്റെ പിതാവ് ഗാന്ധിയുടെ വലിയ ആരാധകനായിരുന്നെന്നും അനിതാ ബോസ് ഫാഫ് പറഞ്ഞു.
നേതാജിയെ ബ്രിട്ടീഷുകാര്‍ക്ക് കൈമാറാന്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും തയ്യാറായിരുന്നു എന്ന നടി കങ്കണ റണാവത്തിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അനിതയുടെ പ്രതികരണം.
”അവര്‍ രണ്ടുപേരും (നേതാജിയും ഗാന്ധിയും) ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാരഥന്മാരായിരുന്നു. ഒരാളില്ലാതെ ഒരാള്‍ക്കത് ചെയ്യാന്‍ കഴിയില്ല. അതൊരു കൂട്ടുകെട്ടായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അഹിംസാത്മക നയം മാത്രമാണ് കാരണമെന്ന് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ വളരെക്കാലമായി അവകാശപ്പെടാന്‍ ശ്രമിച്ചത് പോലെയല്ല കാര്യങ്ങള്‍. നേതാജിയുടെയും ഐ.എന്‍.എയുടെയും പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സംഭാവന നല്‍കിയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,” അവര്‍ പറഞ്ഞു.