മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ ഓര്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് വരുന്ന ഒരു ഗാനമായി ഗുണ സിനിമയിലെ കണ്‍മണി അന്‍പോട് കാതല്‍ മാറിക്കഴിഞ്ഞു.
ഗുണ റിലീസ് ചെയ്ത സമയത്ത് പോലും ഒരുപക്ഷേ ആ പാട്ടിന് ലഭിച്ച സ്വീകാര്യതയുടെ എത്രയോ മടങ്ങായിരിക്കാം മഞ്ഞുമ്മല്‍ ബോയ്‌സ് ഇറങ്ങിയ ശേഷം ആ ഗാനത്തിന് കിട്ടുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ നട്ടെല്ലായി വേണമെങ്കില്‍ ആ ഗാനത്തെ കണക്കാക്കാം. കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ ഈ സിനിമ തന്നെയില്ലെന്ന് സംവിധായകന്‍ ചിദംബരം തന്നെ നേരത്തെ പറഞ്ഞിരുന്നു.
കണ്‍മണി അന്‍പോട് കാതലിന്റെ റൈറ്റ്‌സ് തങ്ങള്‍ വാങ്ങിയെടുത്തതിനെ കുറിച്ചും അതിന് തെറ്റില്ലാത്ത ഒരു തുക തങ്ങള്‍ ചിലവഴിച്ചിട്ടുണ്ടെന്നും പറയുകയാണ് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനും കൂടിയായ ഗണപതി. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.
‘ക്ലൈമാക്‌സ് സീനിന്റെ സ്പിരിറ്റ് എന്ന് പറയുന്നത് ആ പാട്ട് തന്നെയാണ്. ഈ പാട്ട് പ്ലേ ചെയ്തുകൊണ്ടാണ് ഞങ്ങള്‍ വടം വലിച്ചത്. സ്‌ക്രിപ്റ്റ് എഴുതുന്നതിന് മുന്‍പ് തന്നെ ചിദംബരത്തിന് ഈ ഐഡിയ ഉണ്ടായിരുന്നു. കണ്‍മണി എന്ന പാട്ട് അവിടെ വെക്കണമെന്ന്.
ലിറിക്കലായി ഷോട്ട് ബൈ ഷോട്ട് സ്‌ക്രിപ്റ്റ് കംപ്ലീറ്റ് ആകുന്നതിന് മുന്‍പേ ചിദംബരത്തിന്റെ മനസിലുണ്ടായിരുന്നു. ജീന്‍ പോളിന്റെ കഥാപാത്രം സൗബിനെ എടുക്കുമ്പോള്‍ അഭിരാമിയെ താലാട്ടും എന്ന വരിയും ശിവനില്‍ നീയും പാതിയേ എന്ന് പറയുന്ന വരികള്‍ വരുമ്പോള്‍ ഭാസിയെ കാണിക്കാനും നേരത്തെ തന്നെ ചിദംബരം തീരുമാനിച്ചിരുന്നു.
അത്ര കൊറിയോഗ്രാഫ്ഡ് ആയിരുന്നു. ഈ പാട്ടില്ലെങ്കില്‍ ഈ സിനിമയില്ല എന്ന് ചിദംബരം പറഞ്ഞിരുന്നു. ഈ പാട്ട് ഒരു സമയത്ത് കിട്ടുമോ ഇല്ലയോ എന്ന ഘട്ടം വന്നു. എത്രയായിരിക്കും ഇന്‍വെസ്റ്റ് ചെയ്യേണ്ടി വരുക എന്ന ചിന്ത വന്നു.
ഈ പാട്ടില്ലെങ്കില്‍ വേറെ എന്തെങ്കിലും ചെയ്താലോ എന്ന രീതിയില്‍ ആലോചന വന്നപ്പോള്‍ പോലും ഇതില്ലാതെ ഈ സിനിമ നടക്കില്ലെന്ന് കൃത്യമായിട്ട് അറിയാമായിരുന്നു.
കാരണം ഈ സിനിമയുടെ മൊത്തം കോറും ഇമോഷന്‍സും അതിലാണ് നില്‍ക്കുന്നത്. പാട്ടിന്റെ റൈറ്റ്‌സ് ഉണ്ടായിരുന്നത് രാജ്കമല്‍ ഫിലിംസിന്റെ കയ്യിലുമായിരുന്നില്ല. സോണിയുടെ കീഴിലുള്ള ഹിന്ദിയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയുടെ കൈയിലാണ് റൈറ്റ്‌സ്. അത്യാവശ്യം തെറ്റില്ലാത്ത ഒരു തുകയിലാണ് നമ്മള്‍ വാങ്ങിയത്.
ഈയൊരു പാട്ട് ഗുഹയില്‍ പ്ലേ ചെയ്തിട്ടാണ് ഈ സീന്‍ എടുക്കുന്നത്. ഏറ്റവും അവസാനമാണ് ഷൂട്ട് ചെയ്തത്. ആ മൊമെന്റിന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്. അവസാനത്തെ രണ്ട് ദിവസമാണ് ഇത് മൊത്തം ഷൂട്ട് ചെയ്തത്. പടം കഴിയുകയാണ്, ആ മൊത്തം ഇമോഷന്‍സ് നമുക്കുണ്ടായിരുന്നു. ആ പാട്ട് തന്നെയാണ് ആ സീനിന്റെ ഇംപാക്ട്,’ ചിദംബരം പറഞ്ഞു.
Content Highlight: Ganapathy says about The amount they spend on kanmani songs rights