മഞ്ഞുമ്മലിലെ ആ ഒരൊറ്റ കഥാപാത്രത്തെ കാസ്റ്റ് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്: ഗണപതി
Movie Day
മഞ്ഞുമ്മലിലെ ആ ഒരൊറ്റ കഥാപാത്രത്തെ കാസ്റ്റ് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്: ഗണപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th February 2024, 11:50 am

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് സൃഷ്ടിച്ച ഓളം കെട്ടടങ്ങിയിട്ടില്ല.

തിയേറ്ററിലെ വന്‍ വിജയത്തിന് പിന്നാലെ ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ് ചിത്രം.

മഞ്ഞുമ്മല്‍ ബോയ്‌സിനെ സംബന്ധിച്ച് ഏറ്റവും ഹൈലൈറ്റ് ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയായിരുന്നു. മലയാളത്തിലെ യുവനിര താരങ്ങള്‍ അണിനിരന്നപ്പോള്‍ ഉണ്ടായ ഹൈപ്പ് ചിത്രത്തിന് സഹായകരമായിട്ടുണ്ട്.

ചിദംബരത്തിന്റെ അനുജനും നടനുമായ ഗണപതിയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാസ്റ്റിങ് ഡയറക്ടര്‍. മഞ്ഞുമ്മല്‍ ബോയ്‌സിലെ കാസ്റ്റിങ്ങിനെ കുറിച്ചും വെല്ലുവിളി നേരിട്ട ചില അവസരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗണപതി.

മഞ്ഞുമ്മലില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാസ്റ്റിങ് ആരുടേതായിരുന്നു എന്ന ചോദ്യത്തിന് തമിഴ് താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ ചില ബുദ്ധിമുട്ടുണ്ടായിരുന്നെന്നും മഞ്ഞുമ്മലിലെ പതിനൊന്ന് പേരില്‍ അത്തരത്തില്‍ ബുദ്ധിമുട്ടിയത് ചന്തു ചെയ്ത കഥാപാത്രത്തിന്റെ കാസ്റ്റിങ്ങിന് ആണെന്നും ഗണപതി പറയുന്നു.

‘തമിഴ് ക്യാരക്ടേഴ്‌സൊക്കെ കാസ്റ്റ് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഈ പതിനൊന്ന് പേരില്‍ ചന്തുവിന്റെ ക്യാരക്ടര്‍ കുറച്ച് ട്രിക്കിയാണ്. അത് പടം കാണുമ്പോള്‍ മനസിലാകുമല്ലോ. ചന്തുവിന്റെ സ്വഭാവം ഇവരില്‍ നിന്നെല്ലാം കുറച്ച് വ്യത്യസ്തമാണ്. അപ്പോള്‍ അങ്ങനെയുള്ള ഒരു ഫേസ് വേണം. ചന്തുവിന്റെ കാസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട കാസ്റ്റായിരുന്നു. വേറിട്ട കാസ്റ്റ് എന്ന് പറയാം,’ ഗണപതി പറഞ്ഞു.

മഞ്ഞുമ്മലിലെ ഈ കഥാപാത്രത്തിന്റെ കാര്യം സൗബിക്ക ആദ്യം അച്ഛനോടാണ് സംസാരിച്ചതെന്നും പിന്നീട് ഒരു ദിവസം ഗണപതിയുടെ കോള്‍ വരികയായിരുന്നെന്നും ചന്തു പറഞ്ഞു.

‘ഒരു ദിവസം ചുമ്മാതിരിക്കുമ്പോള്‍ ഫോണില്‍ ഒരു കോള്‍. നോക്കുമ്പോള്‍ ഗണപതി കോളിങ് എന്ന് കാണിച്ചു. ഞാന്‍ എടുത്തില്ല ഞാന്‍ ആ സമയത്ത് എത്തിസ്റ്റായിരുന്നു (ചിരി). ശരിക്കും എനിക്ക് ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. പിന്നെ തിരിച്ചുവിളിച്ചു. ദൈവവിളി വന്നിട്ട് (ചിരി).

അങ്ങനെയാണ് ഗണപതിയെ ചെന്ന് മീറ്റ് ചെയ്യുന്നത്. അപ്പോള്‍ തന്നെ ചിദുവിനേയും കണ്ടു. ഓക്കെ എന്നൊന്നും പുള്ളി പറഞ്ഞില്ല. വിളിക്കാം എന്ന് പറഞ്ഞു.

രണ്ട് മാസം കഴിഞ്ഞിട്ടും വിളിച്ചില്ല. അങ്ങനെ ഞാന്‍ അങ്ങോട്ട് വിളിച്ചു. എനിക്കൊരു പുതിയ പടം വന്നിരുന്നു ഡേറ്റിന്റെ പ്രശ്‌നം വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. കുഴപ്പമില്ല, ആ പടത്തിന് പോയ്‌ക്കോളാന്‍ പറഞ്ഞു. അല്ല ആ പടം വിട്ട് ഞാന്‍ ഇവിടെ വരാന്‍ നില്‍ക്കുകയാണെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ എന്നാല്‍ വന്നോളാന്‍ പറഞ്ഞു. ശരിക്കും ഞാന്‍ ചുമ്മാ പറഞ്ഞതാണ്. അങ്ങനെ ഒരു പടമൊന്നും എനിക്ക് വന്നിട്ടില്ല (ചിരി),’ ചന്തു പറഞ്ഞു.

Content Highlight: Ganapathy about Manjummal boys Casting and the Challenges he face