മലയാളത്തിലെ യുവനിര താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
നടന്‍ കമല്‍ഹാസനുള്ള ട്രിബ്യൂട്ടാണ് സിനിമയെന്ന് സംവിധായകന്‍ ചിദംബരം തന്നെ പറഞ്ഞിട്ടുണ്ട്. കമല്‍ഹാസന്റെ ഗുണ എന്ന ചിത്രം ഷൂട്ട് ചെയ്ത ഗുണ കേവ്‌സിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ചിത്രീകരണവും.
ഗുണ കേവില്‍ വീണുപോകുന്ന കൂട്ടുകാരനെ രക്ഷിച്ചെടുക്കുന്ന കഥ പറയുന്ന മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഗുണയിലെ കണ്‍മണി അന്‍പോട് കാതലന്‍ എന്ന പാട്ടും ഉള്‍പ്പെടുത്തിയിരുന്നു.
സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗത്താണ് ഈ പാട്ട് ഉള്‍പ്പെടുത്തിയത്. ഈ പാട്ട് ഏത് സീനില്‍ വരണമെന്ന കാര്യത്തില്‍ ചിദംബരത്തിന് നേരത്തെ തന്നെ വ്യക്തത ഉണ്ടായിരുന്നെന്നും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് അദ്ദേഹം അത് ഉറപ്പിച്ചിരുന്നെന്നുമാണ് നടനും സിനിമയുടെ കാസ്റ്റിങ് ഡയറക്ടറും കൂടിയായ ഗണപതി പറയുന്നത്. മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗണപതി.
‘ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് ആവുന്നതിന് മുന്‍പ് തന്നെ ഈ പാട്ട് ഏത് സ്ഥലത്ത് വരണമെന്ന കാര്യത്തില്‍ ചിദംബരത്തിന് വ്യക്തതയുണ്ടായിരുന്നു. സിനിമയുടെ ഏറ്റവും വലിയ കോര്‍ എലമെന്റാണ് ഈ പാട്ട് എന്ന് തീരുമാനിച്ചിരുന്നു.
ഷോട്ട് ബൈ ഷോട്ട് വരെ എക്‌സ്‌പ്ലൈന്‍ ചെയ്തിട്ടാണ് ഷൂട്ട് തുടങ്ങിയത്. ആ റെസ്‌പോണ്‍സ് തിയേറ്ററില്‍ കാണുമ്പോഴുള്ള സന്തോഷം വലുതാണ്. അത് ഞങ്ങളുടെ കണ്ണ് നനയിച്ചിട്ടുണ്ട്.
നമ്മള്‍ വര്‍ക്ക് ചെയ്ത ഒരു സംഭവം ആളുകള്‍ ഏറ്റെടുക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. അത് വല്ലാത്തൊരു മൊമെന്റാണ്. ചിദംബരത്തിന്റെ ആദ്യത്തെ സിനിമയില്‍ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ പാട്ടുണ്ട്. സമയമാം രഥത്തില്‍ എന്ന പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ പാട്ടുകളോട് എല്ലാവര്‍ക്കും പ്രണയമുണ്ട്. കണ്‍മണി എന്ന പാട്ടില്ലെങ്കില്‍ ഈ സിനിമയില്ല. ആ പാട്ട് അന്ന് മുതല്‍ ഞങ്ങള്‍ കേട്ടു തുടങ്ങിയതാണ്. ഞങ്ങളുടെ എല്ലാവരുടേയും ഫേവറൈറ്റ് സോങ് കൂടിയാണ് അത്.
എല്ലാ ദിവസവും രാത്രി ഈ പാട്ടിടും. ആ സമയത്ത് പക്ഷേ ഇതിന്റെ എഫക്ട് അത്രയും മനസിലായിരുന്നില്ല. സീന്‍ വായിച്ചിട്ട് പോലും അന്ന് മനസിലായിരുന്നില്ല. ഈ പാട്ട് ഏത് രീതിയിലായിരിക്കും സ്‌ക്രീനില്‍ കാണുക എന്ന എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.
ഷൂട്ട് കഴിഞ്ഞപ്പോള്‍ എഡിറ്റിങ്ങില്‍ ആ സീനുകള്‍ ഒന്നുകൂടി കാണിക്കുമോ എന്ന് ചോദിക്കുമായിരുന്നു. പിന്നെ ഈ ഗാനം ചിദംബരത്തിന്റെ ട്രിബ്യൂട്ട് കൂടിയാണ്. എസ്. ജാനകി-ഇളയരാജ എന്നിവര്‍ക്കൊക്കെയുള്ള ട്രിബ്യൂട്ട്,’ ഗണപതി പറഞ്ഞു.
Content Highlight: Ganapathy about kanmani anpod kaathal song from Guna and Manjummal Boys