ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമകളില്‍ ഒന്നായിരുന്നു ഇത്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വര്‍ഗീസ്, ദീപക് പറമ്പോല്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഗണപതിയായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്സ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ ശ്യാം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിങ്ങിനെ കുറിച്ചും സുഷിനെ കുറിച്ചും സംസാരിക്കുകയാണ് ഗണപതി.
‘ചിദംബരത്തിന്റെ രണ്ടാമത്തെ സിനിമയെന്നുള്ളത് തന്നെയായിരുന്നു നമ്മള്‍ എക്‌സൈറ്റഡാകാനുള്ള ഏറ്റവും വലിയ പോയിന്റ്. ആദ്യത്തെ സിനിമ മുതല്‍ ഞാനാണെങ്കിലും ബാലുവാണെങ്കിലും (ബാലു വര്‍ഗീസ്) കൂടെയുണ്ട്.
ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ സിനിമ വരുമ്പോള്‍ അത് വലിയ ഉത്തരവാദിത്തമാണ്. കാസ്റ്റിനേക്കാള്‍ വലിയ ഒരു ക്രൂ ഈ സിനിമയിലുണ്ട്. ക്യാമറമാന്‍ ഷൈജു ഖാലീദ്, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, മ്യൂസിക് ഡയറക്ടര്‍ സുഷിന്‍ ശ്യാം പിന്നെ അജയന്‍ ചാലിശ്ശേരിയൊക്കെയാണ് ക്രൂ.
കാസ്റ്റിങ്ങിന്റെ ഒരു പരിപാടി വന്നപ്പോള്‍ ചിദു എന്നോട് ഇത് ചെയ്യാന്‍ പറയുകയായിരുന്നു. എന്നാല്‍ കാസ്റ്റിങ് ചെയ്ത് തുടങ്ങിയപ്പോഴാണ് ഇത് ഒരു ചെറിയ പടമല്ലല്ലോയെന്ന് മനസിലാക്കുന്നത്. കാസ്റ്റിങ്ങിന്റെ പ്രോസസ് നന്നായി എന്‍ജോയ് ചെയ്തിരുന്നു.
പിന്നെ സുഷിന്‍ പറഞ്ഞപ്പോഴാണ് സിനിമക്ക് ഇത്രയും വലിപ്പമുണ്ടെന്ന് മനസിലാകുന്നത്. സുഷിന്റെ ആ കോണ്‍ഫിഡന്‍സ് കൂടെയുണ്ടാകുമ്പോള്‍ നമുക്ക് അത് നല്‍കുന്നത് സന്തോഷമാണ്. അവന്‍ സീന്‍ മാറ്റുമെന്ന് പറയുമ്പോഴാണ് അങ്ങനെ മാറ്റുമോയെന്ന് ചിന്തിക്കുന്നത്,’ ഗണപതി പറഞ്ഞു.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Content Highlight: Ganapathi Talks About Manjummel Boys And Sushin Shyam