|

ആ മമ്മൂട്ടി ചിത്രത്തിലേക്ക് ചാന്‍സ് ചോദിച്ചപ്പോള്‍ നിനക്ക് പ്രായമായില്ല എന്നായിരുന്നു മറുപടി: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഗണപതി. ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ ഗണപതിയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന.

തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. സ്പോര്‍ട്സ് കോമഡി ഴോണറിലാണ് ഈ സിനിമ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കിയാണ് ആലപ്പുഴ ജിംഖാനയുടെ കഥ.

ഇപ്പോള്‍ പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഖാലിദ് റഹ്‌മാനെ കുറിച്ച് പറയുകയാണ് ഗണപതി. 2016ല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം ഇറങ്ങിയത് മുതല്‍ താന്‍ ചാന്‍സ് ചോദിക്കാറുണ്ട് എന്നാണ് ഗണപതി പറയുന്നത്.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ 2019ല്‍ സംവിധാനം ചെയ്ത ഉണ്ട സിനിമയിലും താന്‍ ചാന്‍സ് ചോദിച്ചുവെന്നും നടന്‍ പറഞ്ഞു. ‘നീ പ്രായമായില്ല. പൊലീസൊന്നും ആവാന്‍ ആയില്ല’ എന്നായിരുന്നു മറുപടിയെന്നും ഗണപതി പറയുന്നു.

‘അനുരാഗ കരിക്കിന്‍ വെള്ളം സിനിമ കഴിഞ്ഞപ്പോള്‍ പിന്നെയുള്ള എല്ലാ സിനിമയിലും ഞാന്‍ അദ്ദേഹത്തോട് ചാന്‍സ് ചോദിച്ചിരുന്നു. ഉണ്ട സിനിമയുടെ സമയത്തും ചോദിച്ചിരുന്നു.

അപ്പോള്‍ ‘നീ പ്രായമായില്ല. പൊലീസൊന്നും ആവാന്‍ ആയില്ല’ എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. വിട്ടുപിടിയെന്ന് പറഞ്ഞു. എല്ലാ പടത്തിലും ചാന്‍സ് ചോദിച്ചിട്ടുണ്ട് എന്നതാണ് സത്യം.

തല്ലുമാലയിലും ചോദിച്ചു. കാസ്റ്റിങ് കഴിഞ്ഞു എന്നായിരുന്നു എന്നോട് പറഞ്ഞത്. അവസാനം എനിക്ക് മടുത്തതോടെ ഞാന്‍ അദ്ദേഹത്തെ ഒരു സിനിമയില്‍ കാസ്റ്റ് ചെയ്തു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ (ചിരി).

മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ് എനിക്ക് ഖാലിദ് റഹ്‌മാനുമായുള്ള സംസാരം കൂടുതല്‍ ഉണ്ടാകുന്നത്. എനിക്ക് ഒരു ടെക്‌നീഷ്യന്‍ എന്ന നിലയില്‍ ഒരുപാട് ഇഷ്ടമുള്ള മനുഷ്യനാണ് അദ്ദേഹം.

ഒരു കോംപ്രമൈസും ഇല്ലാത്ത ആളാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്ന് എന്തെങ്കിലും വീഴാന്‍ നല്ല പണിയുണ്ട്. ഒരു ബിരിയാണി കഴിക്കാന്‍ പോയെന്ന് കരുതുക. ബിരിയാണി എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ‘ആഹ്, കൊള്ളാം. ആവറേജ്’ എന്നാണ് പറയുക.

അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വരും മുമ്പ് എന്നെ വിളിച്ച് പറഞ്ഞ കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘നല്ല പണിയുണ്ട്, വേണമെങ്കില്‍ ചെയ്താല്‍ മതി. ഒന്ന് ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി’ എന്നായിരുന്നു പറഞ്ഞത്,’ ഗണപതി പറയുന്നു.

Content Highlight: Ganapathi Talks About Khalid Rahman And Mammootty’s Unda Movie

Video Stories