| Sunday, 10th March 2024, 1:47 pm

മഞ്ഞുമ്മലിലെ ആ റോള്‍ എന്നോട് ചെയ്തോളൂവെന്ന് ചിദംബരം പറയുകയായിരുന്നു: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ സ്‌ക്രിപ്റ്റിന്റെ ആശയം പൂര്‍ത്തിയാക്കും മുമ്പ് തന്നെ സിനിമയിലേക്കുള്ള കാസ്റ്റിങ് തുടങ്ങാന്‍ ചിദംബരം തന്നോട് പറഞ്ഞിരുന്നുവെന്ന് ഗണപതി. ചിത്രത്തില്‍ സംവിധായകന്‍ ചിദംബരത്തിന്റെ സഹോദരന്‍ കൂടിയായ ഗണപതിയായിരുന്നു കാസ്റ്റിങ് ഡയറക്ടറായിരുന്നത്.

ചിദംബരം തന്നെയാണ് തന്നെ ഈ പണി ഏല്‍പ്പിക്കുന്നതെന്നും കാസ്റ്റിങ് ഡയറക്ടറിന്റെ റോള്‍ ചെയ്തോളൂവെന്ന് പറയുകയായിരുന്നുവെന്നും ഗണപതി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഈ സ്‌ക്രിപ്റ്റിന്റെ ഐഡിയ വന്ന് അതു പൂര്‍ത്തിയാക്കും മുമ്പ് തന്നെ കാസ്റ്റിങ് തുടങ്ങാന്‍ ചിദംബരം എന്നോട് പറഞ്ഞിരുന്നു. ചിദംബരം തന്നെയാണ് എന്നെ ഈ പണി ഏല്‍പ്പിക്കുന്നത്. കാസ്റ്റിങ് ഡയറക്ടറിന്റെ റോള്‍ നീ ചെയ്തോ എന്ന് പറയുകയായിരുന്നു.

തമിഴ് കാസ്റ്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബോയ്സിന്റെ കാസ്റ്റിങ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. ചിലരെ തീരുമാനിക്കുമെങ്കിലും അവര്‍ അവസാനം ഫൈനലില്‍ എത്താതെയാകും.

ചിദംബരമാണെങ്കില്‍ നിഷ്‌കരുണം പറ്റില്ലെന്ന് പറയുന്ന ആളാണ്. ചിലപ്പോള്‍ അതു കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ വരും. നമ്മളാണെങ്കില്‍ ആദ്യമായിട്ടാണ് ഈ തൊഴില്‍ ചെയ്യുന്നത്,’ ഗണപതി പറഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലുമുള്ള തിയേറ്ററുകളില്‍ ഏറെ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ സംവിധായകന്‍ ഖാലിദ് റഹ്‌മാനും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.


Content Highlight: Ganapathi Talks About His Role As Casting Director In Manjummel Boys

We use cookies to give you the best possible experience. Learn more