കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ ഏറെ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്.
‘ഈ സ്‌ക്രിപ്റ്റിന്റെ ഐഡിയ വന്ന് അതു പൂര്‍ത്തിയാക്കും മുമ്പ് തന്നെ കാസ്റ്റിങ് തുടങ്ങാന്‍ ചിദംബരം എന്നോട് പറഞ്ഞിരുന്നു. ചിദംബരം തന്നെയാണ് എന്നെ ഈ പണി ഏല്‍പ്പിക്കുന്നത്. കാസ്റ്റിങ് ഡയറക്ടറിന്റെ റോള്‍ നീ ചെയ്‌തോ എന്ന് പറയുകയായിരുന്നു.
തമിഴ് കാസ്റ്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബോയ്‌സിന്റെ കാസ്റ്റിങ് പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. ചിലരെ തീരുമാനിക്കുമെങ്കിലും അവര്‍ അവസാനം ഫൈനലില്‍ എത്താതെയാകും. ചിദംബരമാണെങ്കില്‍ നിഷ്‌കരുണം പറ്റില്ലെന്ന് പറയുന്ന ആളാണ്.
ചിലപ്പോള്‍ അതു കേള്‍ക്കുമ്പോള്‍ സങ്കടവും ദേഷ്യവുമൊക്കെ വരും. നമ്മളാണെങ്കില്‍ ആദ്യമായിട്ടാണ് ഈ തൊഴില്‍ ചെയ്യുന്നത്. തമിഴ് കാസ്റ്റിങ്ങിന്റെ കാര്യമോര്‍ത്തപ്പോള്‍ തന്നെ ആദ്യം ഓര്‍മവന്ന ഒരാളുണ്ടായിരുന്നു. തട്ടാശ്ശേരിക്കൂട്ടം എന്ന സിനിമയില്‍ റാം.സിയെന്ന ആളുണ്ട്. രാമചന്ദ്രന്‍ ദുരൈ എന്നാണ് ആളുടെ പേര്.
ഒരിക്കല്‍ മധുരയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി പോവുകയും അവിടെ ഹോട്ടലുകാരുമായി കശപിശയുണ്ടാകുകയും ചെയ്തിരുന്നു. അവരെല്ലാവരും എന്നെ വളഞ്ഞപ്പോള്‍ രക്ഷിച്ചത് അദ്ദേഹമായിരുന്നു. അപ്പോള്‍ തന്നെ ഒരു അണ്ണന്‍-തമ്പി ബന്ധം പുള്ളിയുമായി ഉണ്ടായി.
കാര്‍ത്തിക് സുബ്ബരാജ് പടത്തിലുള്ള ആളുടെ അപ്പിയറന്‍സും ചെന്നൈയുമായുള്ള കണക്ഷനുമൊക്കെ എന്റെ മനസിലുണ്ടായിരുന്നു. ഞാന്‍ അങ്ങനെ തമിഴ് കാസ്റ്റിങ്ങിന് വേണ്ടി അദ്ദേഹത്തെ വിളിച്ചപ്പോള്‍ ധൈര്യമായി അങ്ങോട്ട് വന്നോളാന്‍ എന്നോട് പറയുകയായിരുന്നു,’ ഗണപതി പറഞ്ഞു.
Content Highlight: Ganapathi Talks About Chidambaram