| Thursday, 29th February 2024, 10:59 am

ആ ചിത്രത്തിൽ ഒരു സീനിൽ റഹ്മാനുണ്ട്, അന്നത്തെ പ്രകടനം കണ്ടാണ് ഓഡിഷൻ പോലുമില്ലാതെ മഞ്ഞുമ്മലിലെടുത്തത്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് ഇത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, തല്ലുമാല, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ.

ഖാലിദ് റഹ്മാൻ ഒരു നല്ല നാടനാണെന്ന് താൻ തിരിച്ചറിഞ്ഞത് സുലൈഖ മൻസിൽ എന്ന ചിത്രത്തിലൂടെയാണെന്ന് ഗണപതി പറയുന്നു.

ചിത്രത്തിൽ ഒരു വേഷം റഹ്മാന് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് പിന്നീട് സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ഗണപതി പറഞ്ഞു. ചിദംബരത്തോട് റഹ്മാന്റെ കാര്യം താനാണ് പറഞ്ഞതെന്നും ഗണപതി മാതൃഭൂമിയോട് പറഞ്ഞു.

‘അഷ്‌റഫ്‌ ഹംസയുടെ സുലൈഖ മൻസിലിൽ അഭിനയിക്കാൻ റഹ്മാൻ വന്നിരിന്നു. ആ ചിത്രത്തിൽ ഞാനൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. അതിന്റെ ആദ്യത്തെ ദിവസം റഹ്മാൻ അതിലൊരു വേഷം ചെയ്യാൻ വന്നിട്ടുണ്ടായിരുന്നു. പക്ഷെ ആ സിനിമയിൽ ഒരൊറ്റ സീനിൽ മാത്രമേ റഹ്മാൻ വന്ന് പോവുന്നുള്ളൂ.

അന്ന് റഹ്മാൻ അത് ചെയ്തിട്ട് ഒരു പത്ത് മുപ്പത് ദിവസം അവിടെ ലോക്കാവുമെന്ന രീതിയിൽ നിന്നപ്പോഴാണ് റഹ്മാൻ അവിടെ നിന്ന് പോയത്. ആ കഥാപാത്രം പിന്നെ സിനിമയിലില്ല. അന്ന് പക്ഷെ ഒരു സംവിധായകൻ എന്ന നിലയിലാണ് റഹ്മാനെ ഞാനൊക്കെ കണ്ടിട്ടുള്ളത്. പക്ഷെ അയാൾ വളരെ രസമായിട്ട് പെർഫോം ചെയ്ത് പോവുന്നത് ഞങ്ങൾക്ക് കാണാൻ പറ്റി.

അന്ന് തന്നെ ഞങ്ങൾ ഒന്ന് ശ്രദ്ധിച്ചിരുന്നു. ഞാനന്ന് ചിദുവിനോട് പറഞ്ഞു, റഹ്മാൻ നന്നായിട്ട് പെർഫോം ചെയ്യുന്ന ഒരാളാണെന്ന്. ചിദു അതിൽ നല്ല കോൺഫിഡന്റ് ആയിരുന്നു. അങ്ങനെ റഹ്മാന് വേണ്ടി ഒരു ഓഡിഷനൊന്നും ചെയ്യേണ്ടി വന്നില്ല. കാരണം ആ ഒരു കലാകാരനിൽ വിശ്വാസം ഉണ്ടായിരുന്നു,’ഗണപതി പറയുന്നു.

Content Highlight: Ganapathi Talk About Khalidh Rahman

We use cookies to give you the best possible experience. Learn more