| Monday, 26th February 2024, 3:58 pm

കൊവിഡിന് ശേഷം ആരും വരില്ലെന്ന് പറഞ്ഞു; അന്ന് തിയേറ്ററിൽ ആളെ കയറ്റിയ പടമാണത്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നല്ല സിനിമകളെ പ്രേക്ഷകർ കൈവിടില്ലായെന്ന് ഗണപതി പറയുന്നു. പ്രേമലുവും ഭ്രമയുഗവും തിയേറ്ററിൽ നിറഞ്ഞോടുമ്പോഴാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസാവുന്നത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. ചിത്രത്തിൽ ഗണപതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടെയാണ് ഗണപതി.

നല്ല സിനിമകൾ പ്രേക്ഷകർ എപ്പോഴും അംഗീകരിക്കുമെന്നും കൊവിഡിന് ശേഷമെത്തിയ ആദ്യ സിനിമയാണ് ജാൻ എ മനെന്നും അത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റിയെന്നും ഗണപതി പറയുന്നു. മീഡിയ വണിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘ജാൻ ഏ മൻ എന്ന സിനിമ കൊറോണ കഴിഞ്ഞിട്ട് ആദ്യം ഇറങ്ങുന്ന പടമാണ്. അന്ന് കൊവിഡ് കഴിഞ്ഞ് ആളുകൾ വരില്ലെന്ന് പറഞ്ഞിട്ടും തിയേറ്ററിൽ ആളെ കയറ്റിയ ചിത്രമാണത്. നല്ല സിനിമയിറങ്ങിയാൽ എപ്പോഴും ആളുകൾ വരും. അതിന് യാതൊരു സംശയവുമില്ല. നല്ല കണ്ടന്റ് ഉണ്ടെങ്കിൽ അതിന് അന്നും ഇന്നും ആളുകളുണ്ട്. അതിനൊക്കെ ഒരുപാട് ഉദാഹരണങ്ങളുണ്ട്,’ഗണപതി പറയുന്നു.

മലയാളത്തിലെ ഏക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായ മാന്നാർ മത്തായി സ്പീക്കിങ്ങ് ഇറങ്ങിയ സമയത്ത് തിയേറ്ററിൽ സ്വീകരിക്കപ്പെട്ടില്ലെന്നും എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷം മലയാളം കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയെന്നും ഗണപതി പറഞ്ഞു.

‘മാന്നാർ മത്തായി സ്പീക്കിങ് ആദ്യത്തെ ഒരാഴ്ച്ചയൊന്നും ആരും കാണാൻ ഇല്ലായിരുന്നു. ലാലങ്കിളിന്റെ വീട് വരെ ലോൺ വെച്ചിട്ടാണ് അവർ ആ സിനിമ ചെയ്തത്.

വീട് ജപ്തി ചെയ്യേണ്ടി വരുമോയെന്ന് കരുതി ലാലങ്കിൾ എല്ലാവരെയും ഫ്ലാറ്റിലേക്ക് താമസിപ്പിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ആദ്യത്തെ ദിവസങ്ങളിൽ ആളില്ലാതെ അവർ തീർന്നുവെന്ന് വിചാരിച്ചിടത്തു നിന്നാണ് ആ പടം മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റിലേക്ക് പോവുന്നത്.

അതുകൊണ്ട് തന്നെ കണ്ടന്റാണ് പ്രധാനം. അതിന് ആളുകൾ വന്നിരിക്കും. യാതൊരു സംശയവും വേണ്ട ആ കാര്യത്തിൽ. നല്ല സിനിമകൾക്ക് അന്നും ഇന്നും എന്നും പ്രേക്ഷകരുണ്ട്. അവർ നമ്മളെ കൈവിടാൻ പോവുന്നില്ല,’ഗണപതി പറയുന്നു.

Content Highlight: Ganapathi Talk About  Jan e Man Movie

We use cookies to give you the best possible experience. Learn more