|

മഞ്ഞുമ്മലിൽ അവനെ കണ്ടുപിടിക്കാനാണ് ഞാൻ കുറച്ച് ബുദ്ധിമുട്ടിയത്: ഗണപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്.

ചിത്രത്തിലെ കാസ്റ്റിങ്ങിൽ ആരെ കണ്ടുപിടിക്കാൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത് എന്ന ചോദ്യത്തിന് ചന്തുവിനെ എന്നായിരുന്നു ഗണപതിയുടെ മറുപടി.

ചന്തുവിന്റെ കഥാപാത്രം കുറച്ച് ട്രിക്കി ആയിരുന്നെന്നും അത് അയാളെ കണ്ടാൽ മനസിലാകുമെന്നും ഗണപതി പറഞ്ഞു. ചന്തുവിലേക്ക് എത്താൻ കുറച്ച് സമയം എടുത്തിരുന്നെന്നും ഗണപതി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗണപതി.

‘ചന്തുവിന്റെ ക്യാരക്ടർ കുറച്ച് ട്രിക്കി ആയിരുന്നു. ആ ഒരു ക്യാരക്ടറിനെ നമുക്ക് കണ്ടാൽ മനസിലാകും, ആ കൂട്ടത്തിൽ നിന്ന് കുറച്ച് മാറി നിൽക്കുന്ന ഒരു ആളാണ് എന്ന്. അയാൾ തന്നെ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട് ‘ഞാൻ ഒന്നും ചെയ്യാറില്ല, എന്നെ എല്ലാ പ്രശ്നങ്ങളിൽ നിന്നും അവർ മാറ്റിനിർത്തും, എന്നെ എവിടെയെങ്കിലും സേഫ് ആയിട്ട് നിർത്തും’ എന്നൊക്കെ.

അങ്ങനെ മാറി നിൽക്കുന്ന ഒരു ക്യാരക്ടർ ആയിരുന്നു. ചന്തുവിലേക്ക് എത്താൻ കുറച്ച് സമയം എടുത്തിരുന്നു. എങ്കിലും ചന്തുവിന്റെ കണ്ണും അവന്റെ കുറച്ച് ഫീച്ചേഴ്സ് ഒക്കെ നല്ല അടിപൊളിയാണ്. അങ്ങനെയാണ് ചന്തുവിലേക്ക് എത്തുന്നത്,’ ഗണപതി പറഞ്ഞു.

തന്റെ ചേട്ടനായ ചിദംബരം തന്നെ വിശ്വസിച്ച് കാര്യങ്ങൾ ഏൽപ്പിക്കുന്നത് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷമാണെന്നും ഗണപതി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘അവൻ വിശ്വസിച്ചു കാര്യങ്ങൾ ഏൽപ്പിക്കുന്നു എന്ന് തന്നെയാണ് നമ്മൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം. നമ്മളെ ഏൽപ്പിക്കാനുള്ള ധൈര്യം ഉണ്ടെന്ന് അറിയുമ്പോൾ സന്തോഷം തോന്നുന്നു,’ഗണപതി പറഞ്ഞു.

ചിത്രത്തിൽ ഗണപതിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ദീപക് പറമ്പൊൾ, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് സിനിമക്കായി ഒന്നിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Content Highlight: Ganapathi said that  Finding Chanthu was a bit difficult

Video Stories