നിലം തൊടാതെ ഗണപത്; ഇതുവരെ നേടിയത്
200 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ടൈഗര്‍ ഷ്‌റോഫ് ചിത്രം ഗണപത് ഒക്ടോബര്‍ 20നായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ മോശം അഭിപ്രായങ്ങളോടെ തുടങ്ങിയ ചിത്രത്തിന്റെ വമ്പന്‍ കളക്ഷന്‍ ഇടിവ് ഇപ്പോഴും തുടരുകയാണ്.
റിലീസ് ചെയ്ത് ആറാം ദിവസം പിന്നിടുമ്പോള്‍ പത്ത് കോടി രൂപയാണ് ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍. റിലീസ് ദിനത്തില്‍ 2.50 കോടി നേടിയ ഗണപത് പിന്നീടുള്ള ദിവസങ്ങളില്‍ വിജയ് ചിത്രം ലിയോയുടെ ഡബ്ബ്ഡ് വേര്‍ഷന്‍ പിന്നിലായിട്ടാണ് കളക്ഷന്‍ നേടിയത്.
ചിത്രമിപ്പോള്‍ ഏതാണ്ട് വാഷ് ഔട്ട് ആയ നിലയിലാണ് എന്നാണ് പ്രമുഖ സിനിമാ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദി സിനിമയുടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പോലും സിനിമക്ക് പിടിച്ചുനില്‍ക്കാനായില്ല.
ബോക്‌സ് ഓഫീസില്‍ ടൈഗര്‍ ഷ്‌റോഫ് നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണിത്. ഇതിന് മുമ്പ് പുറത്ത് വന്ന ടൈഗറിന്റെ ഹീറോപന്തി 2വും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.
2070 എ.ഡിയില്‍ നടക്കുന്ന കഥയാണ് ഗണപത് പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, കൃതി സെനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
വികാസ് ബെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ എന്റര്‍ടെയ്‌മെന്റാണ് നിര്‍മാതാക്കള്‍. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Content Highlight: Ganapath movie collection latest update