| Friday, 29th November 2024, 10:16 pm

450 കോടി ബജറ്റ് പടത്തിലെ പാട്ടോ അതോ 90കളിലെ കല്യാണ ആല്‍ബമോ? ഗെയിം ചേഞ്ചറിലെ ഗാനത്തിന് ട്രോള്‍ പെരുമഴ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാണ് ഷങ്കര്‍. വി.എഫ്.എക്‌സിന്റെ അനന്ത സാധ്യതകളെ ഉപയോഗിച്ച് പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്താന്‍ ഷങ്കറിന് സാധിച്ചിട്ടുണ്ട്. ജീന്‍സ്, ഇന്ത്യന്‍, എന്തിരന്‍ എന്നീ ചിത്രങ്ങള്‍ ഷങ്കറിലെ ക്രാഫ്റ്റ്‌സ്മാനെ അടയാളപ്പെടുത്തുന്നതായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഷങ്കറിന്റെ സിനിമകള്‍ക്ക് പഴയ ക്വാളിറ്റി നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഈ വര്‍ഷത്തെ ഏറ്റവു വലിയ പരാജയമായി മാറിയതിനോടൊപ്പം ഷങ്കറിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയെന്ന ചീത്തപ്പേരും സ്വന്തമാക്കി.

ഷങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെയിം ചേഞ്ചറിലെ പുതിയ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 450 കോടി ബജറ്റുള്ള സിനിമയിലെ വി.എഫ്.എക്‌സ് ഇത്രക്ക് മോശം രീതിയില്‍ മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബജറ്റ് തീര്‍ന്നതിനാല്‍ ഫോട്ടോഷോപ്പ് വെച്ച് അഡ്ജസ്റ്റ് ചെയ്തതാണോ എന്നും പലരും ചോദിക്കുന്നുണ്ട്.

90കളിലെ കല്യാണ ആല്‍ബങ്ങളില്‍ കാണുന്നതുപോലെ നായകന്റെയും നായികയുടെയും ഫോട്ടോ ഒട്ടും മാച്ച് ആകാത്ത പശ്ചാത്തലത്തില്‍ കൊണ്ടുവെച്ചതുപോലെയാണ് പാട്ടിലെ പല ഫ്രെയിമുകളും. ഷങ്കറിനെപ്പോലെ ഇത്രയും എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള സംവിധായകനില്‍ ഇത് തീരെ പ്രതീക്ഷിച്ചില്ലെന്നും പലരും പറയുന്നുണ്ട്.

ഇപ്പോഴത്തെ ന്യൂജെന്‍ ആളുകള്‍ പിക്‌സ് ആര്‍ട്ടില്‍ ഇതിലും നന്നായി എഡിറ്റ് ചെയ്യുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത് വെറും ലിറിക് വീഡിയോ ആണെന്നും ഇത് മാത്രം കണ്ട് സിനിമയെ വിലയിരുത്തരുതെന്നും മറ്റ് ചിലര്‍ വാദിക്കുന്നുണ്ട്. പാട്ട് റിലീസായി 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം ആളുകള്‍ യൂട്യൂബില്‍ പാട്ട് കണ്ടുവെന്നം എല്ലാവര്‍ക്കും അത് ഇഷ്ടമായെന്നും വാദം ഉയരുന്നുണ്ട്.

റാം ചരണ്‍ മൂന്ന് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. റാം ചരണ് പുറമെ ജയറാം, സമുദ്രക്കനി, കിയാര അദ്വാനി, എസ്.ജെ. സൂര്യ, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജിന്റേതാണ് ചിത്രത്തിന്റെ കഥ. എസ്. തമനാണ് ചിത്രത്തിന്റെ സംഗീതം.

2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷം പകുതിയോടെയാണ് പൂര്‍ത്തിയായത്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഷൂട്ട് ചെയ്ത ഭാഗത്തില്‍ തൃപ്തിയാകാത്തതിനാല്‍ 35 കോടിയോളം മുടക്കി പല ഭാഗങ്ങളും റീ ഷൂട്ട് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Game Changer movie new song got trolls on social media

Latest Stories

We use cookies to give you the best possible experience. Learn more