ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഷങ്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. തെലുങ്കിലെ മുന്‍നിര താരമായ റാം ചരണാണ് ചിത്രത്തിലെ നായകന്‍. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരിക്കുകയാണ്.
എച്ച്.ഡി ലീക്ക് പതിപ്പാണ് നെറ്റില്‍ പ്രചരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ചിത്രത്തിന്റെ ഹിന്ദ് ഡബ്ബ് വേര്‍ഷനാണ് ലീക്കായിരിക്കുന്നത്. എവിടെ നിന്നാണ് ചിത്രം ലീക്കായതെന്ന് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. തെലുങ്കിലെ വമ്പന്‍ ചിത്രങ്ങളുടെ തിയേറ്റര്‍ പ്രിന്റ് ആദ്യദിനം തന്നെ പുറത്തിറങ്ങുമെങ്കിലും ഇത്രയും ക്ലാരിറ്റിയുള്ള വ്യാജപതിപ്പ് മുമ്പ് ഇറങ്ങിയിട്ടില്ല.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രമെന്ന ചീത്തപ്പേര് സ്വന്തമാക്കിയ ഇന്ത്യന്‍ 2വിന് ശേഷം തിയേറ്ററിലെത്തുന്ന ഷങ്കര്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍.ഇന്ത്യന്‍ 3യും ഗെയിം ചേഞ്ചറും ഒരേസമയമാണ് ഷങ്കര്‍ അണിയിച്ചൊരുക്കിയത്. റിലീസിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ 3യുടെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ഗെയിം ചേഞ്ചറിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ഒടുവില്‍ തടസ്സങ്ങളെല്ലാം മാറ്റി തിയേറ്ററിലെത്തിയ ഗെയിം ചേഞ്ചറിന് ഇത്തരത്തില്‍ ഒരു പ്രശ്‌നം നേരിടേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല. 500 കോടി ബജറ്റിലാണ് ഗെയിം ചേഞ്ചര്‍ ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്ക് വേണ്ടി മാത്രം 96 കോടിയോളമാണ് ചെലവഴിച്ചതെന്ന് നിര്‍മാതാവ് ദില്‍ രാജു പ്രൊമോഷന്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു.
ഇന്ത്യന്‍ 2വിന്റെ പരാജയത്തിന് പിന്നാലെ ഗെയിം ചേഞ്ചറിന്റെ പല ഭാഗങ്ങളും റീഷൂട്ട് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. 35 കോടിയോളമാണ് റീ ഷൂട്ടിന് ചെലവായത്. ആര്‍.ആര്‍.ആറിന് ശേഷം റാം ചരണ്‍ നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും ഗെയിം ചേഞ്ചറിനുണ്ട്. ഇരട്ട വേഷത്തിലാണ് റാം ചരണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
തമിഴിലെ മികച്ച സംവിധായകരിലൊരാളായ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കിയാരാ അദ്വാനിയും അഞ്ജലിയുമാണ് ചിത്രത്തിലെ നായികമാര്‍. എസ്.ജെ. സൂര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുനില്‍, ജയറാം, സമുദ്രക്കനി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Game Changer leaked print spreading in internet on release day