|

ആഹാ.... എല്ലാ കളറുമുണ്ടല്ലോ, ഷങ്കര്‍-റാം ചരണ്‍ ചിത്രത്തിലെ ആദ്യഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകന്‍ ഷങ്കറും, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ റാം ചരണും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗെയിം ചേഞ്ചര്‍. 2021ലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസായി. നിറങ്ങള്‍ വാരി വിതറിയ സെറ്റും, കളര്‍ഫുള്‍ വസ്ത്രങ്ങളണിഞ്ഞ അഭിനേതാക്കളുമൊക്കയായി ബ്രഹ്‌മാണ്ഡ ഗാനം തന്നെയാണ് ഷങ്കര്‍ ഒരുക്കിയിരിക്കുന്നത്. ഷങ്കറിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയാണ് ഗെയിം ചേഞ്ചര്‍.

ജറഗണ്ടി എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എസ്. തമനാണ്. പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയും സുനിധി ചൗഹനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബോളിവുഡ് താരം കിയാര അദ്വാനിയാണ് റാം ചരണിന്റെ നായികയായി എത്തുന്നത്. റാമോജി റാവു ഫിലിം സെറ്റിലാണ് ഗാനത്തിന് വേണ്ടിയുള്ള സെറ്റ് തയാറാക്കിയത്. മലയാളിയായ സാബു സിറിളാണ് ആര്‍ട്ട് ഡയറക്ഷന്‍.

നേരത്തെ ദീപാവലിക്ക് ചിത്രത്തിലെ ഗാനം റിലീസാകുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചിരുന്നു. 2021ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗെയിം ചേഞ്ചറിനൊപ്പം ഇന്ത്യന്‍ 2വിന്റെയും ഷൂട്ടിലാണ് ഷങ്കര്‍ ഇപ്പോള്‍. ഒരേ സമയം രണ്ട് ബ്രഹ്‌മാണ്ഡ സിനിമകള്‍ അണിയിച്ചൊരുക്കുന്ന ഷങ്കറിനെ അത്ഭുതത്തോടെയാണ് ഇന്ത്യന്‍ സിനിമാലോകം നോക്കിക്കാണുന്നത്.

റാം ചരണിന് പുറമേ, എസ്.ജെ. സൂര്യ, ജയറാം, സമുദ്രക്കനി, നാസര്‍, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റ് താരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവ് തിരുനാവുക്കരസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അജഗജാന്തരം, ചാര്‍ലി, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമയിലൂടെ പ്രശസ്തനായ ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Game Changer first song released