[]ചെന്നൈ: ലോക ചെസ് ചാമ്പന്‍പട്ടം നിലനിര്‍ത്താമെന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച എട്ടാം മത്സരവും സമനിലയില്‍ അവസാനിച്ചു.
ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ 33 നീക്കത്തിനൊടുവില്‍ ആനന്ദും എതിരാളി മാഗ്‌നസ് കാള്‍സണും സമനിലയ്ക്ക് തയ്യാറാവുകയായിരുന്നു. എഴുപത്തിയഞ്ച് മിനിട്ടേ മത്സരം നീണ്ട് നിന്നുള്ളൂ.
ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ട് നില്‍ക്കുന്ന കാള്‍സന്റെ പോയന്റ് അഞ്ചായി. ആനന്ദിന് മൂന്ന് പോയന്റാണുള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരവും സമനിലയില്‍ കളാശിച്ചിരുന്നു.
വെളുത്ത കരുക്കളുമായി കളി തുടങ്ങിയ കാള്‍സണ്‍ രാജാവിന് മുന്നിലെ കാലാള്‍ നീക്കികൊണ്ടാണ് മത്സരത്തിന് തുടക്കമിട്ടത്. കാള്‍സന്റെ നീക്കത്തെ ബര്‍ലിന്‍ പ്രതിരോധമുപയോഗിച്ച് ആനന്ദ് തടയിടുകയായിരുന്നു. പന്ത്രണ്ട് മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.
ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും. പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും.
ഒരു ജയം കൂടി നേടിയാല്‍ കാള്‍സണ് കിരീടം ഏകദേശം ഉറപ്പിക്കാമെന്നിരിക്കെ ശേഷിക്കുന്ന മത്സരങ്ങള്‍ തീപാറുമെന്നുറപ്പാണ്. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.