ന്യൂദല്‍ഹി: ഐ.പി.എല്‍ താരലേലത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയ്ക്ക് തിരിച്ചടിയായത് അടിസ്ഥാന വിലയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍. ഇഷാന്ത് രണ്ട് കോടി രൂപ ഒരിക്കലും അര്‍ഹിച്ചിരുന്നില്ലെന്നും അയാളുടെ അടിസ്ഥാന വിലകേട്ട് താന്‍ അത്ഭുതപ്പെട്ടുവെന്നും ഗംഭീര്‍ പറഞ്ഞു.
Also read നടിയെ ആക്രമിച്ചത് ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനിയുടെ മൊഴി
കഴിഞ്ഞ ദിവസം ഐ.പി.എല്‍ പത്താം സീസണിലേക്ക് നടന്ന താരലേലത്തില്‍ ഇന്ത്യയുടെ മുന്‍ നിര ബൗളറായ ഇശാന്തിനെ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറായിരുന്നില്ല. ഇശാന്തിനെയും ഇര്‍ഫാന്‍ പത്താനെയും ലേലത്തില്‍ സ്വന്തമാക്കാന്‍ ടീമുകള്‍ തയ്യാറാകാതിരുന്നത് ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇശാന്തിന് വിനയായത് അടിസ്ഥാന വിലയാണെന്ന അഭിപ്രായവുമായി ഗംഭീര്‍ രംഗത്തെത്തിയത്. 2 കോടി രൂപയായിരുന്നു ലേലത്തില്‍ താരത്തിന് നിശ്ചയിച്ചിരുന്നത്.
“എനിക്ക് ശരിക്കും സര്‍പ്രൈസായിരുന്നു ഇഷാന്തിന്റെ അടിസ്ഥാന വില. അത് വളരെ കൂടുതലായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റ് ബൗളര്‍ക്ക് അതും നാല് ഓവര്‍ മാത്രം എറിയാന്‍ ഒരു താരത്തിന് അത്രയും തുകമുടക്കുന്നത് വിഡ്ഢിത്തമാമെന്നാണ് എനിക്ക് തോന്നുന്നത്” ഗംഭീര്‍ പറഞ്ഞു.
ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറായി മാത്രമേ ഇശാന്തിനെ ടീമിനു പ്രയോജനപ്പെടുത്തനാകൂ എന്നതാണ് ഇത്രയും തുക മുടക്കുന്നതില്‍ മാനേജ്‌മെന്റിനെ പിന്തിരിപ്പിക്കുന്നത്. ഒരു ബൗളര്‍ക്കു വേണ്ടി കൂടുതല്‍ തുക മുടക്കുന്നത് ലേലത്തില്‍ മറ്റു താരങ്ങളെ സ്വന്തമാക്കുന്നതിനെയും ബാധിക്കുമെന്നതിനാലാണിത്. “ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ച ഇംഗ്ലീഷ് താരം ബെന്‍സ്റ്റോക്ക് ബൗളിംഗിനൊപ്പം അതേനിലവാരത്തില്‍ ഫീല്‍ഡിംഗും ബാറ്റിംഗും ചെയ്യുമെന്നും അതിനാലാണ് അയാള്‍ക്കായി ടീമുകള്‍ മത്സരിച്ചതെന്നും ഗംഭീര്‍ പറഞ്ഞു.