| Thursday, 12th April 2018, 11:44 pm

നാണമില്ലേ നിങ്ങള്‍ക്ക്...?;അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടിനെതിരെ ഗംഭീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനായി കേസ് വാദിക്കുന്ന അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടിന്റെ നടപടി ലജ്ജാകരമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. നമ്മുടെ നാട് ബേഠി ബച്ചാവോയില്‍ നിന്ന് ബലാത്സംഗി ബച്ചാവോയിലേക്ക് മാറിയെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

“നാണമില്ലേ നിങ്ങള്‍ക്ക്… കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി വാദിക്കാന്‍ വന്ന അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണ്. ”

നേരത്തെ ഉന്നാവോ- കത്വ സംഭവങ്ങള്‍ രാജ്യത്തിനു നാണക്കേടാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു.

” അല്ലയോ ഭരണകൂടമേ…ധൈര്യമുണ്ടെങ്കില്‍ കുറ്റവാളികളെ നിങ്ങള്‍ ശിക്ഷിക്കൂ… ഇന്ത്യന്‍ ബോധമാണ് ഉന്നാവോയിലും കത്വയിലും ബലാത്സംഗം ചെയ്യപ്പെട്ടത്.”- ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ടെന്നീസ് താരം സാനിയ മിര്‍സയും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


Also Read:  കാശ്മീര്‍ ബലാത്സംഗം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്: അര്‍ധരാത്രി ഇന്ത്യാ ഗേറ്റ് മാര്‍ച്ച്


കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഹൈക്കോടതിയില്‍വെച്ച് പ്രസിഡണ്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷക ദീപിക എസ് രജാവത്ത് വെളിപ്പെടുത്തി.

നിങ്ങളെ എങ്ങനെ പിന്തിരിപ്പാക്കാന്‍ അറിയാമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാതിയ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംഭവത്തില്‍ പരാതി നല്‍കുമെന്നും ദീപിക പറഞ്ഞു.


Also Read:  ‘കുറ്റവാളികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുത്’, കത്വ ബലാത്സംഗക്കേസില്‍ പ്രതികരണവുമായി സാമുവല്‍ റോബിന്‍സണ്‍


” എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ തന്നെ കേസ് വാദിക്കും.”

അഭിഭാഷകര്‍ എന്തുകൊണ്ടാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസുകാരെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞത് കണ്ടിരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.

Watch This Video:

We use cookies to give you the best possible experience. Learn more