| Sunday, 9th December 2018, 6:51 pm

സി.ബി സീരീസിലെ റൊട്ടേഷന്‍ സിസ്റ്റം അനാവശ്യം; ധോണിയുടെ തീരുമാനത്തിനെതിരെ ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: 2012 ലെ സി.ബി സീരിസിലെ ധോണിയുടെ ക്യാപ്റ്റന്‍സിയ്‌ക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം ഗൗതം ഗംഭീര്‍. ബാറ്റിംഗില്‍ റൊട്ടേഷന്‍ സിസ്റ്റം കൊണ്ടുവന്ന ധോണിയുടെ തീരുമാനം ടൂര്‍ണ്ണമെന്റില്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ഗംഭീര്‍ പറഞ്ഞു.

ആ ടൂര്‍ണ്ണമെന്റ് ടീമിനെ സംബന്ധിച്ചിടത്തോളം മോശം അനുഭവമായിരുന്നെന്നും ഗംഭീര്‍ പറഞ്ഞു. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ, ഓസീസും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിലും പരാജയപ്പെട്ടു.

ALSO READ: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ജയിക്കാന്‍ ഓസീസിന് വേണ്ടത് 219 റണ്‍സ്, ഇന്ത്യയ്ക്ക് ആറ് വിക്കറ്റ്

മൂന്ന് ഓപ്പണര്‍മാരുമായാണ് ഇന്ത്യ സി.ബി സീരീസിനെത്തിയത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരായിരുന്നു ഓപ്പണിംഗില്‍ ഇന്ത്യയുടെ ഓപ്ഷന്‍. എന്നാല്‍ മൂവരെയും ഒരുമിച്ച് കളിപ്പിക്കില്ലെന്നായിരുന്നു ധോണിയുടെ തീരുമാനം. സച്ചിന്‍, സെവാഗ്, ഗംഭീര്‍ ഇവരില്‍ ഒരാള്‍ ടീമിന് പുറത്തായിരിക്കുമെന്ന് ധോണി അറിയിച്ചിരുന്നു.

2015 ലോകകപ്പ് മുന്നില്‍ക്കണ്ട് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു ധോണിയുടെ വാദം. എന്നാല്‍ ഈ തീരുമാനം ടീമിന് തിരിച്ചടിയായെന്ന് ഗംഭീര്‍ വിലയിരുത്തുന്നു.

ALSO READ: മോഡ്രിച്ചല്ല ബാലന്‍ ഡി ഓറിന് അര്‍ഹന്‍: റിവാള്‍ഡോ

“എന്നെ സംബന്ധിച്ച് ഞെട്ടിച്ച തീരുമാനമായിരുന്നു അത്. മികച്ച ഫോമിലാണെങ്കില്‍ പ്രായം ഒരു പ്രശ്‌നമല്ല. 2012 ല്‍ കളിക്കുന്നവര്‍ 2015 ല്‍ ഉണ്ടാകില്ലെന്ന് എന്നോടാരും പറഞ്ഞില്ല.”

തീരുമാനം തെറ്റായിരുന്നുവെന്ന് ഹൊബാര്‍ട്ടിലെ നിര്‍ണായക മത്സരം തെളിയിച്ചുവെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു. ” ആ മത്സരത്തില്‍ ഞങ്ങള്‍ (സച്ചിന്‍,സെവാഗ്, ഗംഭീര്‍) മൂന്നുപേരും കളിച്ചു. സച്ചിനും സെവാഗും ഓപ്പണറായി. ഞാന്‍ ഫസ്റ്റ് ഡൗണായി, കോഹ്‌ലി നാലാമതായി ഇറങ്ങി. 37 ഓവറില്‍ ഞങ്ങള്‍ മത്സരം പിന്തുടര്‍ന്ന് ജയിച്ചു.”

ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നില്ല. കോഹ്‌ലിയായിരുന്നു പരമ്പരയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്- 373 റണ്‍സ്. 308 റണ്‍സെടുത്ത ഗംഭീര്‍ രണ്ടാമതായി.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more