| Thursday, 12th January 2023, 7:24 pm

രണ്ട് ലോകകപ്പ് നേടിയ പോണ്ടിങ്ങല്ല, രോഹിത്താണ് മികച്ചവന്‍; വിചിത്രവാദവുമായി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഗൗതം ഗംഭീര്‍. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ഗംഭീര്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പമാവാന്‍ ഒരു സെഞ്ചുറി മാത്രമാണ് ഗംഭീറിന് കുറവുള്ളത്.

രണ്ട് തവണ ഓസ്‌ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത റിക്കി പോണ്ടിങ്ങിനേയും രോഹിത് ശര്‍മയേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഗംഭീറിന്റെ വിചിത്രമായ വാദങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലെ പോണ്ടിങ്ങിന്റെ പ്രകടനം അത്ര പോരെന്നും അതിനാല്‍ രോഹിത്ത് അദ്ദേഹത്തെക്കാളും മികച്ചവനാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷം കൊണ്ട് രോഹിത് നിരവധി സെഞ്ച്വറി അടിച്ചു എന്നതാണ്. അഞ്ചാറ് വര്‍ഷം മുന്നേയുള്ള രോഹിത്തിന് ഇത്രയും സ്ഥിരത ഇല്ലായിരുന്നു. കഴിഞ്ഞ ആറേഴ് വര്‍ഷം കൊണ്ട് അവന്‍ 20 സെഞ്ച്വറിയെങ്കിലും നേടിയിട്ടുണ്ടാകും. രോഹിത് റിക്കി പോണ്ടിങ്ങിനെക്കാളും മികച്ചവനാണ്. കാരണം പോണ്ടിങ്ങിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാര്യമായ റെക്കോര്‍ഡുകളൊന്നുമില്ല,’ ഗംഭീര്‍ പറഞ്ഞു.

റണ്‍ ശരാശിയുടെ കാര്യത്തില്‍ രോഹിത് ശര്‍മയില്‍ നിന്നും പോണ്ടിങ്ങിന് കാര്യമായ വ്യത്യാസമൊന്നും കാണാനാവില്ല. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ മാച്ചില്‍ നിന്നും 41 ശരാശരിയാണ് അദ്ദേഹത്തിന് ഉള്ളത്. എന്നാല്‍ സെഞ്ചുറികളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. പോണ്ടിങ് ആകെ നേടിയ 30 സെഞ്ചുറികളില്‍ ആറെണ്ണം മാത്രമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നേടിയിട്ടുള്ളത്. മറുവശത്ത് രോഹിത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് നടന്ന ഏകദിന മത്സരങ്ങളില്‍ 47 ശരാശരിയില്‍ നിന്നും 13 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

നിലവില്‍ 237 മത്സരങ്ങളിലെ 49 റണ്‍സ് ശരാശരിയില്‍ നിന്നും 29 സെഞ്ച്വറികളും 9537 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. പോണ്ടിങ്ങാകട്ടെ 375 മത്സരങ്ങളില്‍ നിന്നും 42 ശരാശരിയില്‍ 30 സെഞ്ച്വറികളുള്‍പ്പെടെ 13704 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Gambheer’s strange arguments comparing Ricky Ponting and Rohit Sharma

We use cookies to give you the best possible experience. Learn more