കോഴിക്കോട്: ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ മുക്കം എരഞ്ഞിമാവില്‍ അരങ്ങേറിയ പോലീസ് ഭീകരത ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് റവല്യൂഷണറി യൂത്ത് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി.
ജനകീയ സമരങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരെ നവലിബറല്‍ മൂലധന ശക്തികളുടെ ചോറ്റുപട്ടികളെ പോലെ പെരുമാറുന്ന പോലീസ് സേന ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. ജനവാസകേന്ദ്രങ്ങളിലൂടെ ഗ്യാസ് പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിനെതിരായ ജനകീയ സമരത്തിന് നേരെ ക്രൂരമായ ആക്രമണമാണ് പോലീസ് നടത്തിയിരിക്കുന്നത്. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും അതിക്രമിച്ചു കയറിയാണ് പോലീസ് നിരപരാധികളായ നിരവധി പേരെ ക്രൂരമായി തല്ലിച്ചതക്കുകയും അന്യായമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളതെന്നും കമ്മിറ്റി ചൂണ്ടി കാട്ടി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും ഗെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ സമാനമായ ആക്രമണമാണ് പോലീസ് നടത്തിയത്. സംസ്ഥാന ഭരണനേതൃത്വത്തിന്റെയും ആഭ്യന്തര വകുപ്പിന്റെയും കൃത്യമായ നിര്‍ദ്ദേശാനുസരണമാണ് ഈ പോലീസ് അഴിഞ്ഞാട്ടം അരങ്ങേറി കൊണ്ടിരിക്കുന്നതെന്ന കാര്യം സുവ്യക്തമാണെന്നും കമ്മിറ്റി ആരോപിച്ചു.
ജനകീയ സമരങ്ങളെ കൈകാര്യം ചെയ്യുമെന്നും സമരപ്രവര്‍ത്തകരെ ഗുണ്ടാആക്ട് ചുമത്തി തുറുങ്കിലടക്കുമെന്നും മുഖ്യമന്ത്രി തന്നെ ഭീഷണി മുഴക്കിയിട്ട് നാളേറെ കഴിഞ്ഞിട്ടില്ല. മൂലധന ശക്തികളുടെ കങ്കാണിപ്പണി ചെയ്യുന്ന പിണറായി വിജയന്റെ ഭരണനേതൃത്വമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പോലീസ് ഭീകരതയുടെ ഉത്തരവാദികളെന്നത് തര്‍ക്കമറ്റ കാര്യമാണ്.റവല്യൂഷണറി യൂത്ത് പറഞ്ഞു.
ഗെയില്‍ പ്രക്ഷോഭകര്‍ക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നവലിബറല്‍ വികസന നയങ്ങളുടെ ഇരകളായി തീരുന്ന മനുഷ്യരുടെ അതിജീവന സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു.