തൃശൂര്‍: പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഗെയില്‍ അധികൃതര്‍ തീരുമാനിച്ചത് ഹൈക്കോടതി അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് എതിരാവുമെന്ന ഭയം മൂലം. ഗെയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് അഭിഭാഷക വി. വിജിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കെയാണ് ഗെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ധൃതിപിടിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
സ്‌റ്റേ ഇല്ലാത്തിടത്തോളം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ഗെയില്‍ അധികൃതര്‍ സ്വീകരിച്ചതിനു പിന്നിലും അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് എതിരാവുമെന്ന ഭയമാണ്.
കോഴിക്കോട് ജില്ലയില്‍ കിനാലൂര്‍ വില്ലേജില്‍ തച്ചംപൊയില്‍ പ്രദേശത്ത് പൈപ്പ് വിന്യാസത്തില്‍ ഗെയില്‍ അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഹൈക്കോടതി അഭിഭാഷക കമ്മീഷന്‍ ജൂൈല 29ന് കണ്ടെത്തിയിരുന്നു. 1600 മീറ്റര്‍ നീളത്തിലും 400 മീറ്റര്‍ വീതിയിലും പ്രദേശത്തെ തരംതിരിച്ച് നടത്തിയ പരിശോധനയില്‍ 200 മീറ്റര്‍ സ്ഥലത്തുതന്നെ 76 വീടുകള്‍ കണ്ടെത്തിയിരുന്നു.
Also Read: സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ചു
പരിശോധനയുടെ അടിസ്ഥാനത്തില്‍ ജനവാസകേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു.
ഇതിനുപിന്നാലെ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിക്കോട് ജില്ലയുടെ ബാക്കി ഭാഗങ്ങളിലും പദ്ധതി കടന്ന് പോകുന്ന സ്ഥലങ്ങളില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി ഗെയില്‍ വിക്ടിംസ് ഫോറം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ മേഖലകളും പരിശോധനാ വിധേയമാക്കിയത്.
പദ്ധതി നടപ്പിലാക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതുപ്രകാരമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഗെയില്‍ അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പദ്ധതിക്കായി അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സിന്റെ (എ.എസ്.എം.ഇ) സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നാണ് ഗെയിലിന്റെ അവകാശവാദം. എന്നാല്‍ എ.എസ്.എം.ഇയുടെ ജനസാന്ദ്രതയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 15മീറ്റര്‍ മാറി പൈപ്പ് ഇടണമെന്ന നിര്‍ദേശവും പദ്ധതി കടന്നുപോകുന്ന ഏഴു ജില്ലകളിലും അട്ടിമറിച്ചിട്ടുണ്ട്. ഇതിനു പുറമേ ലൈനില്‍ ചോര്‍ച്ചയുണ്ടായാല്‍ വാതകം സുരക്ഷിതമായി ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയില്‍ വാല്‍വുകള്‍ സ്ഥാപിക്കണമെന്ന മാനദണ്ഡവും ഗെയില്‍ പാലിച്ചിട്ടില്ല. 67 വാല്‍വുകള്‍ വേണ്ടിടത്ത് 25 എണ്ണമാണ് നിലവിലുള്ളത്.