കോഴിക്കോട്: ജനകീയ പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് തിരിഞ്ഞ മുക്കത്ത് പ്രതിഷേധങ്ങള്‍ക്കിടെ ഗെയില്‍ വാതക പൈപ്പ് ലൈനിനായുള്ള പണികള്‍ പുനരാരംഭിച്ചു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
ജനകീയ സമരത്തെ പൊലീസ് അടിച്ചമര്‍ത്തുന്നതിനെതിരെ സമരക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നതിനിടെയാണ് പൊലീസ് സംരക്ഷണത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചത്. സ്ഥലത്ത് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട കുഴികള്‍ ജെ.സി.ബി ഉപയോഗിച്ച് എടുത്തുവരികയാണ്.
ഉച്ചയ്ക്ക് 1.30 ഓടെ കനത്ത പൊലീസ് സംരക്ഷണയിലാണ് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ചത്. ഹര്‍ത്താലോടനുബന്ധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ റോഡുകളില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് രാവിലെ മുക്കം സംസ്ഥാന പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു.
ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇതെല്ലാം നീക്കിയ ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്. ഇന്നലെ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജാണ് നടത്തിയിരുന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പൊലീസ് സ്റ്റേഷനുപരോധത്തിനു നേരെയും പൊലീസ് ലാത്തിവീശിയിരുന്നു.
എന്നാല്‍ ലാത്തിച്ചാര്‍ജ്ജിനെയും നടപടിയെയും ന്യായീകരിച്ചായിരുന്നു ഇന്ന് പൊലീസ് രംഗത്തെത്തിയത്.
സമരത്തിന്റെ മറവില് കഴിഞ്ഞദിവസം നടന്നത് പൊലീസ് സ്റ്റേഷന്‍ ആക്രമണമെന്നായിരുന്നു പൊലീസ് വാദം. കല്ലും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയതെന്നും ആക്രമണത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും പൊലീസ് പറഞ്ഞിരുന്നു.