| Monday, 15th August 2016, 6:40 pm

എച്ച്.ഡി.ആര്‍ സംവിധാനവുമായി ഗാലക്‌സി നോട്ട് 7

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാംസങിന്റെ ഫാബ്‌ലറ്റ് നിരയിലെ ഏറ്റവും പുതിയ മോഡല്‍ ഗാലക്‌സി നോട്ട് 7 ഇന്ത്യയില്‍ അവതരിപ്പിച്ചു. 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള നോട്ട് 7 മോഡലിന് 59,900 രൂപയാണ് വില.

മൊബൈല്‍ എച്ച്.ഡി.ആര്‍ (High Dynamic Range) സംവിധാനമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണിത്. ആമസോണുമായി ചേര്‍ന്ന് ടെലിവിഷന്‍ സാങ്കേതികവിദ്യ മൊബൈലിലേക്ക് സന്നിവേശിപ്പിച്ചാണ് സാംസങ് ഇത് സാധ്യമാക്കുന്നത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വേര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

ആഗസ്ത് 22 മുതല്‍ 30 വരെ ഗാലക്‌സി നോട്ട് 7 ന്റെ മുന്‍കൂറായി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ക്ക് സെപ്തംബര്‍ രണ്ടുമുതല്‍ ഫോണ്‍ ലഭിച്ചുതുടങ്ങും.

റിലയന്‍സ് 4ജി നെറ്റ്‌വര്‍ക്കുമായി സഹകരിച്ചുകൊണ്ട് ഗാലക്‌സി നോട്ട് 7 ന് മൂന്നുമാസത്തെ സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ്, ഡാറ്റ സേവനവും സാംസങ് ഒരുക്കുന്നുണ്ട്.

ഇതോടൊപ്പം 13,490 രൂപ വിലയുള്ള ഗിയര്‍ ഐക്കണ്‍എക്‌സ് ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ബഡ്‌സ്, 13,490 രൂപ വിലയുള്ള ഗിയര്‍ ഫിറ്റ് 2 വാച്ച് എന്നീ ആക്‌സസറികളും സാംസങ് പുറത്തിറക്കിയിട്ടുണ്ട്. ഇതൊന്നും വേണ്ടെങ്കില്‍ 1,990 രൂപയ്ക്ക് ഗിയര്‍ വി.ആര്‍ ഹെഡ് സെറ്റ് ഫോണിനൊപ്പം വാങ്ങാം.

5.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിലുള്ളത്. മുന്‍വശത്തെ സ്‌ക്രീനില്‍ മാത്രമല്ല ഫോണിന്റെ പുറകുഭാഗത്തും പോറലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ഗോറില്ല ഗ്ലാസ് 5 സംരക്ഷണകവചം തീര്‍ത്തിരിക്കുന്നു.

എക്‌സിനോസ് 8890 ചിപ്പ്‌സെറ്റോടു കൂടിയ 4 ജിബി റാം, 1.6 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടാകോര്‍ എക്‌സിനോസ് പ്രൊസസര്‍, 12 മെഗാപിക്‌സല്‍ പിന്‍ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ സെല്‍ഫിക്യാമറ എന്നിവ ഫോണിന്റെ പ്രധാന പ്രത്യേകതകളാണ്.

ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി ഫിംഗര്‍ പ്രിന്റ് സ്‌കാനറിന് പുറമേ കൃഷ്ണമണി സ്‌കാന്‍ ചെയ്യുന്ന ഐറിസ് സ്‌കാനര്‍ ഗാലക്‌സി നോട്ട് 7ലുണ്ട്. കോറല്‍ ബ്ലൂ, പ്ലാറ്റിനം ഗോള്‍ഡ്, സില്‍വര്‍ ടൈറ്റാനിയം, ഒനിക്‌സ് ബ്ലാക്ക് നിറങ്ങളില്‍ ഇത് ലഭ്യമാകും.

We use cookies to give you the best possible experience. Learn more