ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിര കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്. ഒരു ഇല കണ്ട് അത് ഏത് വിളയാണെന്ന്‌് രാഹുലിനും പ്രിയങ്കയ്‌ക്കും മനസിലാക്കാന്‍ സാധിച്ചാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ബിജെപിയുടെ കര്‍ഷക സംഘം ജനറല്‍സെക്രട്ടറി കൂടിയായ ഗജേന്ദ്ര ശെഖാവത് പറഞ്ഞു.
ആടിന്റെയും ചെമ്മരിയാടിന്റെയും കുട്ടികളെ പോലും കണ്ടാല്‍ തിരിച്ചറിയാന്‍ പ്രിയങ്കയ്‌ക്കും രാഹുലിനും പറ്റില്ലെന്നും ശെഖാവത് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമം ജനദ്രോഹമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നടത്തിയ മൂന്ന് ദിന കര്‍ഷക റാലിയെ പരിഹസിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന.അതേസമയം കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുലിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തിയിരുന്നു. ഒരു ഉള്ളിയുണ്ടാകുന്നത് മണ്ണിനടിയിലാണോ മണ്ണിന് പുറത്താണോ എന്ന് പോലും അറിയില്ലെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്.
സെപ്‌തംബര്‍ 20നായിരുന്നു രാജ്യസഭയില്‍ കേന്ദ്രം കാര്‍ഷിക ബില്‍ പാസാക്കിയത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് കര്‍ഷകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പി്‌ന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പ് വെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു.
പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
നവംബര്‍ മൂന്നിന് കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വീണ്ടും ശക്തമായ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക