| Thursday, 7th January 2016, 7:10 am

ഗജേന്ദ്ര ചൗഹാന്‍ ഇന്ന് സ്ഥാനമേല്‍ക്കും: പ്രതിഷേധ പരിപാടികളുമായി വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാന്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഇതേ തുടര്‍ന്ന് ചൗഹാനെതിരെ ഇന്ന് കാമ്പസില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. മഹാഭാരതം സീരിയലിലൂടെ ശ്രദ്ധേയനായ ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച നടപടി വന്‍ വിവാദമാവുകയായിരുന്നു.

മതിയായ യോഗ്യതയിലാത്ത ചൗഹാനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ദീര്‍ഘകാലം പഠിപ്പുമുടക്ക് സമരത്തിലായിരുന്നു. ജൂണ്‍ 12 നായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ഇത് പിന്നീട് റിലേ നിരാഹാര സമരത്തിലേക്ക് വഴിമാറുകയും ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ മാസം നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനം റദ്ദാക്കിയാല്‍ മാത്രമെ സമരം പൂര്‍ണ്ണമായും പിന്‍വലിക്കൂ എന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ചൗഹാന്‍ സ്ഥാനമേല്‍ക്കാനെത്തുന്നതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് സമരങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കാനാണ് സാധ്യത.

ചുമതലയേറ്റ ശേഷം ചൗഹാന്റെ അധ്യക്ഷതയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി യോഗം ചേരും. ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതോടൊപ്പം മറ്റു അജണ്ടകളും യോഗത്തിന്റെ പരിഗണനയ്ക്ക് ഉണ്ടെന്ന് ചൗഹാന്‍ പറഞ്ഞു.

ചൗഹാന്‍ വിഷയത്തില്‍ നിരവധി തവണയാണ് സര്‍ക്കാരുമായി വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ ഇനി സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more