ഗുജറാത്തില്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത രണ്ടു പേര്‍ക്ക് വീണ്ടും കൊവിഡ്; പോസിറ്റീവായത് 13 ദിവസങ്ങള്‍ക്ക് ശേഷം
India
ഗുജറാത്തില്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത രണ്ടു പേര്‍ക്ക് വീണ്ടും കൊവിഡ്; പോസിറ്റീവായത് 13 ദിവസങ്ങള്‍ക്ക് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2020, 9:56 am

അഹമ്മദാബാദ്: ഗുജറാത്തില്‍ രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ്. ഗുജറാത്തിലെ പത്താനിലാണ് രോഗം ഭേദമായവര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവായത്.

ഡിസ്ചാര്‍ജ് ചെയ്ത് 13 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. 55 വയസുള്ള സ്ത്രീക്കും 60 വയസുള്ള പുരുഷനുമാണ് വീണ്ടും കൊവിഡ് കണ്ടെത്തിയത്.

217 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒന്‍പത് പേരാണ് മരണപ്പെട്ടത്. 2624 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 112 പേരാണ് ഇതുവരെ മരണപ്പെട്ടത്.

അതേസമയം ഇന്നലെ 79 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 258 ആയി. അതേസമയം രോഗം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയവരില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

നിലവില്‍ 28 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 2226 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 42384 പേരുടെ സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അഹമ്മദാബാദിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത് 217 കേസുകളില്‍ 151 പേരും അഹമ്മദാബാദില്‍ നിന്നുള്ളവരാണ്. ഒന്‍പത് പേരാണ് അഹമ്മദാബാദില്‍ മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.