| Friday, 16th November 2018, 9:11 am

ഗജ ചുഴലിക്കാറ്റ് കേരളത്തില്‍: മൂന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നും നാളെയും മലയോര, തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും. ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണ കൂടങ്ങള്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.


നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ


ഇന്ന് വൈകിട്ട് മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, കോസ്റ്റ് ഗാര്‍ഡും നാവികസേനയും മത്സ്യതൊഴിലാളികള്‍ക്ക് യഥാക്രമം നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഇന്നലെ രാത്രിയോടെ മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുത്തിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം എഴുപത്തയ്യായിരത്തിലധികം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിയത്.

ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഗജ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ കാറ്റ് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാഗപട്ടണത്തിന് പുറമേ കടലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു .


പുതുച്ചേരി ഞങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലം, സുപ്രീം കോടതി ഇടപെടേണ്ടതില്ല; കേന്ദ്ര സര്‍ക്കാര്‍


ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിവിധയിടങ്ങളിലായി ആറായിരത്തിലധികം ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തകരും തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അണ്ണാ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ എല്ലാ സംവിധാനങ്ങളും പൂര്‍ണ സജ്ജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more