| Tuesday, 20th November 2018, 9:26 pm

ആര്‍ത്തവ സമയത്ത് വീടിന് പുറത്ത് താമസിപ്പിച്ച 12 വയസ്സുകാരി ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ ആനൈക്കാട് ഗ്രാമത്തില്‍ ആര്‍ത്തവ സമയത്ത് വീടിന് പുറത്തെ  മുറിയില്‍ താമസിപ്പിച്ച 12 വയസ്സുകാരി വിജയ, ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും പെണ്‍കുട്ടി കിടന്ന മുറിയുടെ മുകളില്‍ തെങ്ങ് വീണതാണ് മരണ കാരണമെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്തു.

പെണ്‍കുട്ടിയുടെ കൂടെ ഉറങ്ങുകയായിരുന്ന അമ്മയെ പരിക്കുകളോടെ പട്ടുക്കോട്ടൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് അകറ്റി താമസിപ്പിക്കുക എന്ന അനാചാരം അനുസരിച്ചാണ് പെണ്‍കുട്ടിയെ പുറത്തു താമസിപ്പിച്ചതെന്ന് പട്ടുക്കോട്ടൈ ഡി.എസ്.പി ഗണേഷ് മൂര്‍ത്തി ന്യൂസ് മിനുട്ടിനോടു പറഞ്ഞു.


Also Read ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്തെത്തിയ എട്ട് പേര്‍ കരുതല്‍ തടങ്കലില്‍


സംസ്ഥാനത്തെ ഈ ഭാഗങ്ങളിലുള്ള ഒരു ആചാരമാണിത്. ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഒരാഴ്ചത്തേക്ക് പുറത്തു താമസിപ്പിക്കും. പൂജകളും മറ്റും കഴിഞ്ഞതിന് ശേഷമാണ് പെണ്‍കുട്ടിയെ തിരിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുവരിക. ഇതാണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ചത് അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടി താമസിക്കുന്നതിന് മുമ്പ് പശുക്കളേയും ആടിനേയും പാര്‍പ്പിച്ച മുറിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിന്നും അകറ്റി താമസിപ്പിക്കുന്നത് ഗ്രാമങ്ങളില്‍ സാധാരണമാണ്. “ഇതിനെക്കുറിച്ച് ആരും സ്വതന്ത്രമായി തുറന്നും സംസാരിക്കുന്നില്ല. ഇങ്ങനെ അകറ്റി താമസിപ്പിക്കുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ അരക്ഷിതരായിരിക്കും. ഈ മരണത്തിന് ഗജ ചുഴലിക്കാറ്റിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല, ഈ സമുദായമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി”- പ്രൊജക്ട് സേഫ് ആക്ടീവ് പിരീഡ്‌സ് മേധാവി കാവ്യാ മേനോന്‍ ന്യൂസ് മിനുട്ടിനോടു പറഞ്ഞു.


Also Read നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കും; ഒരു കോടിയിലേറെ ഒപ്പ് ശേഖരണം നടത്തുമെന്നും ശ്രീധരന്‍പിള്ള


നവംബര്‍ 16ന് ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 45 പേരാണ് മരിച്ചത്. ഡെല്‍റ്റാ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് വിതച്ചത്. കൂടല്ലൂര്‍, രാമനാഥപുരം, പുതുക്കോട്ട, തിരുവാവൂര്‍ തുടങ്ങിയ ജില്ലകളിലും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 1500 ലധികം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Image Credits: PTI

We use cookies to give you the best possible experience. Learn more