|

ടീമില്‍ നിലവാരമുള്ള രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളപ്പോള്‍ രണ്ടുപേരെയും കളിപ്പിക്കുക ബുദ്ധിമുട്ടാണ്: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഫെബ്രുവരി 19നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ചാമ്പന്യന്‍സ് ട്രോഫി നടക്കുന്നത്. ദുബായിലും പാകിസ്ഥാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എല്ലാ ടീമുകളും തങ്ങളുടെ ഫൈനല്‍ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു.

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുല്‍ ഇന്ത്യയുടെ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായപ്പോള്‍ റിഷബ് പന്ത് സ്‌ക്വാഡിലെ സെക്കന്റ് ഓപ്ഷനാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പുറപ്പെടുന്നതിന് മുമ്പുള്ള അവസാന പത്രസമ്മേളനത്തില്‍ റിഷബ് പന്തിനെ മറികടന്ന് കെ.എല്‍. രാഹുല്‍ ആയിരിക്കും ടൂര്‍ണമെന്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്ന് ഗംഭീര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

‘വ്യക്തിഗതമായി കളിക്കാരെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമാണ്, പക്ഷേ പന്ത് ടീമിലുണ്ടെങ്കില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. എന്നിരുന്നാലും കെ.എല്‍. രാഹുല്‍ ഞങ്ങളുടെ പ്രിയപ്പെട്ട വിക്കറ്റ് കീപ്പറാണ് അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ടീമില്‍ രണ്ട് നിലവാരമുള്ള വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളപ്പോള്‍ രണ്ടുപേരെയും കളിപ്പിക്കുക ബുദ്ധിമുട്ടാണ്. പന്തിന് അവസരം ലഭിക്കുമ്പോള്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ പൂര്‍ണമായും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗൗതം ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

യാത്ര ചെയ്യാത്ത പകരക്കാര്‍

യശസ്വി ജെയ്സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ

Content Highlight: Gaitham Gambhir Talking About K.L Rahul And Rishabh Pant

Latest Stories