| Saturday, 2nd October 2021, 3:56 pm

കട്ട സപ്പോര്‍ട്ടുമായി എം.എല്‍.എ ബ്രോ; ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് ഡാവിഞ്ചി സുരേഷിന്റെ ഗാന്ധി ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ 152ാം ജന്മദിനത്തോടനുബന്ധിച്ച് 23,000 ചതുരശ്ര അടിയില്‍ ബലൂണുകള്‍ കൊണ്ട് തീര്‍ത്ത ഗാന്ധിയുടെ ഛായാചിത്രം ശ്രദ്ധ നേടുന്നു.

വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഛായാചിത്രം തയ്യാറാക്കിയിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കലാകാരന്‍ ഡാവിഞ്ചി സുരേഷാണ് ഈ ഉദ്യമത്തിന് പിന്നില്‍. വെള്ളിയാഴ്ച ഉച്ച മുതലാണ് വളണ്ടിയര്‍മാരുടെ സഹായത്തോടെ ഛായാചിത്രം നിര്‍മിക്കാന്‍ ആരംഭിച്ചത്.

152 അടി വലിപ്പത്തില്‍ ഒരുക്കിയ ചിത്രം ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡസിലും ഇടം നേടിയിട്ടുണ്ട്. എം.എല്‍.എ വി.കെ. പ്രശാന്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘സന്തോഷ വാര്‍ത്ത. നമ്മള്‍ ഏഷ്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡസില്‍ ഇടം നേടീരിക്കുന്നു. സ്‌പെഷ്യല്‍ താങ്കസ് റ്റു ഡാവിഞ്ചി സുരേഷ്. ഗാന്ധിജിയുടെ 152-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് 152 അടി വലിപ്പത്തില്‍ 23000 ചതുരശ്ര അടിയില്‍ ബലൂണു കൊണ്ട് നിര്‍മ്മിച്ച ഗാന്ധിജിയുടെ ഛായചിത്രത്തിന് റെക്കോഡ് ലഭിച്ചിരിക്കുന്നു. ഇതിന്റെ പിന്നില്‍ രാപ്പകല്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഭീമന്‍ ഛായചിത്രം നിര്‍മിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും എം.എല്‍.എ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇതിന് മുന്‍പും വ്യത്യസ്തമായ രീതിയില്‍ ഛായചിത്രങ്ങളൊരുക്കി ഡാവിഞ്ചി സുരേഷ് ശ്രദ്ധ നേടിയിരുന്നു. 25 അടിയില്‍ ക്ലോത്ത് മാസ്‌ക്കുകള്‍ ഉപയോഗിച്ച് തീര്‍ത്ത അമിതാഭ് ബച്ചന്റെ ചിത്രം, വയലില്‍ ഞാറ് നട്ട് ഒരുക്കിയ ടൊവിനോയുടെ ചിത്രം അങ്ങനെ ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹം തീര്‍ത്തിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gaint Potrait Of Gandhi Made Up Of Balloons

Latest Stories

We use cookies to give you the best possible experience. Learn more