തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. പദ്ധതി കടന്നുപോകുന്ന ജനവാസമേഖലയിലെ നഷ്ടപരിഹാരതുകയാണ് കൂട്ടിയിരിക്കുന്നത്.
ഭൂമി വിട്ടുനല്‍കുന്ന 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് 5 ലക്ഷം രൂപ അധികമായി നല്‍കാനും യോഗത്തില്‍ ധാരണയായി. മുക്കത്ത് നടന്ന ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെതുടര്‍ന്നാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാന്‍ തീരുമാനമെടുത്തത്. നേരത്തെ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന് കോഴിക്കോട് ജില്ല കളക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ 5 മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ദ്ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ദ്ധനവാണ് ഭൂമിയുടെ നഷ്ട പരിഹാരത്തില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 2012 ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ നിയമമനുസരിച്ച് വീടുകള്‍ക്ക് അടിയിലൂടെ പൈപ്പ്ലൈന്‍ കൊണ്ടുപോകാന്‍ കഴിയില്ല. വീടുകളെ ബാധിക്കാതെ ഒരു സൈഡില്‍ കൂടി കടന്നുപോകുന്ന രീതിയിലാണ് അലൈന്‍മെന്റ് തീരുമാനിക്കുന്നതും.വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നെല്ലിനുള്ള നഷ്ടപരിഹാരം തീരെ കുറവാണെന്ന പരാതി ഉണ്ടായിരുന്നു.
ഇതു സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ്. (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കാന്‍ തീരുമാനമായി. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും.
പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ള വരുടെ സ്ഥലത്ത് പൈപ്പിടാനുപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീടു വയ്ക്ക ത്തക്കരീതിയില്‍ അലൈന്‍മന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം ഉപയോഗിക്കും.
വീടു വയ്ക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തില്‍ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നല്‍കും. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി 5 ലക്ഷം രൂപ നല്‍കാനും യോഗം തീരുമാനിച്ചു.