എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധസമരം പുനരാരംഭിക്കുകയാണ്. ഭൂമിക്ക് മേലുള്ള നഷ്ടപരിഹാരം, ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റത്തത് തുടങ്ങിയവയാണ് സമരം പുനരാരംഭിക്കാനുള്ള കാരണം. ജനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന ആശങ്കകള്‍ അതേപടി തന്നെ നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് സമരം തുടരാനുള്ള തീരുമാനം.
കാരശ്ശേരിയ്ക്കടുത്തുള്ള സര്‍ക്കാര്‍ പറമ്പില്‍ അയ്യൂബ്, ഷരീഫാ ബീവി എന്നിവരുടെ വീടുകള്‍ക്കിടയില്‍ അഞ്ചുമീറ്റര്‍ വീതി മാത്രമാണുള്ളത്. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ പദ്ധതി നടപ്പിലാക്കുമ്പോള്‍ തങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ഡൂള്‍ന്യൂസിനോട് തുറന്നു പറയുകയാണ് നാട്ടുകാര്‍.
അയ്യൂബിന്റെയും ഷരീഫാ ബീവിയുടെയും വീടുകള്‍ തമ്മില്‍ അഞ്ച് മീറ്റര്‍ വ്യത്യാസംമാത്രമേയുള്ളൂ. തങ്ങളുടെ വീടുകള്‍ക്കിയിലൂടെ പൈപ്പ് പോകുമെന്നാണ് അധികൃതര്‍ പറയുന്നതെന്ന് അയ്യൂബ് പറയുന്നു. അയ്യൂബിന്റെ വീടിന്റെ മുറ്റത്ത് കൂടെ ഗെയിലിന്റെ പൈപ്പ് പോകുന്ന അതേ സ്ഥലത്ത് കൂടെ തന്നെയാണ് ജലനിധിയുടെ പൈപ്പും പോകുന്നത്. ഇതിന്റെ അടുത്ത് തന്നെയാണ് സെപ്റ്റിക് ടാങ്കും.
വീട് നില്‍ക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടാറുണ്ടെന്നും സമീപത്തായി ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അയ്യൂബിന്റെ വീട്ടുകാര്‍ പറയുന്നു. സമരത്തെ പിന്തുണച്ചതിന് തീവ്രവാദിയെന്ന് വിളിച്ച് ആരോപിക്കുകയാണ് ചെയ്യുന്നതെന്നും സ്ഥലമേറ്റെടുത്താല്‍ കിട്ടാന്‍ പോകുന്ന പൈസ വളരെ തുച്ഛമാണെന്നും അയ്യൂബ് പറയുന്നു.
സര്‍ക്കാര്‍ പറമ്പിലെ അയൂബ്ബിന്റെ വീട്
നേരത്തെ രാഷ്ട്രീയക്കാരടക്കം ഇതുവരെ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് വിഷയം ഏറ്റെടുക്കാനെത്തിയത്. സമരത്തില്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ വീടിന് താഴെയുള്ള മദ്രസയെയും മറ്റവീടുകളെയും പൈപ്പ്ലൈന്‍ നിര്‍മാണം ബാധിക്കുമെന്ന് ഇവര്‍ പറയുന്നു.
മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവും അവിവാഹിതയായ ഒരു മകളും മാത്രമുള്ള ഷരീഫ ബീവിയ്ക്ക് ജീവിത പ്രാരാബ്ധത്തിനിടയില്‍ മറ്റൊരു വെല്ലുവിളിയായിരിക്കുകയാണ് ഗെയില്‍.
സ്ഥലം നോക്കാന്‍ തഹസില്‍ദാരും പഞ്ചായത്തില്‍ നിന്നുമെല്ലാം ആളുകള്‍ വന്നിരുന്നതായി ഷരീഫാബീവി പറയുന്നു. ചാനലുകാരെല്ലാം വന്നിരുന്നു. വീട് പോവില്ലെന്നതടക്കം പറയുന്നുണ്ട്. തങ്ങളുടെ വീട് പോക്കരുതെന്ന അപേക്ഷമാത്രമാണ് ഉള്ളതെന്നും സമരത്തിനൊന്നും പോകാനുള്ള സാഹചര്യമില്ലെന്നും ഇവര്‍ പറയുന്നു.
സര്‍ക്കാര്‍ പറമ്പില്‍ ഫ്ളോര്‍മില്ല് നടത്തുന്ന അബ്ദുറഹ്മാനും പങ്ക് വെക്കാനുള്ളത് സമാനമായ ആശങ്കകളാണ്.
അബ്ദുറഹ്മാന്റെ ഫ്ളോര്‍മില്ലിന് സമീപത്ത് കൂടെയാണ് പൈപ്പലൈന്‍ പോകുന്നത്. എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടാകുന്നതിന് മുമ്പ് സര്‍ക്കാര്‍ പറമ്പിലുണ്ടായ നടപടിക്കിടെ പൊലീസ് അബ്ദുറഹ്മാനെയടക്കം പിടിച്ചുകൊണ്ട് പോയിരുന്നു. എരഞ്ഞിമാവിലെ സമരത്തിന് ഒരു മാസം മുമ്പായിരുന്നു ഇവിടത്തെ അളവെടുപ്പ്.
അബ്ദുറഹ്മാന്റെ ഫ്‌ളോര്‍മില്‍
ഫയര്‍സര്‍വീസിന്റെയടക്കം അകമ്പടിയോടെയാണ് സംഘം അന്ന് അളവെടുപ്പിനെത്തിയതെന്ന് അബ്ദുറഹ്മാന്‍ പറയുന്നു. സര്‍വ്വെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. സര്‍ക്കാര്‍ പറമ്പിലെ നാല്‍പതോളം വീടുകളെയാണ് പദ്ധതി ബാധിക്കുകയെന്ന് അബ്ദുറഹ്മാന്‍ പറയുന്നു.അമ്പതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയെയും ഗെയിലിന്റെ നടപടികള്‍ ബാധിക്കുമെന്നും അബ്ദുറഹ്മാന്‍ പറയുന്നു.
എല്ലാ സമരങ്ങളിലും താന്‍ ഉണ്ടായിരുന്നെന്നും ക്രൂരമായ മര്‍ദ്ദനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും അബ്ദുറഹ്മാന്‍ പറയുന്നു.
ജനങ്ങളുടെ ആശങ്ക മനസിലാക്കി ഏതെങ്കിലും രീതിയിലുള്ള മുന്നറിയിപ്പെങ്കിലും നല്‍കാമായിരുന്നു. ഒരു ഹിയറിങോ സിക്സ്വണ്‍ നോട്ടീസ് നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. പൊലീസുമായി വന്നപ്പോള്‍ മാത്രമാണ് ഗെയിലുകാരെ ഞങ്ങള്‍ കണ്ടത്. അതിന് മുമ്പ് എന്താണ് സംഭവമെന്ന് പോലും അറിയില്ലായിരുന്നു. അബ്ദുറഹ്മാന്‍ പറയുന്നു.
നേരത്തെ കുടിവെള്ള പദ്ധതിയാണെന്ന പേരില്‍ കാല് കുത്തികുഴിച്ചിട്ട് പോകുകയാണ് അധികൃതര്‍ ചെയ്തത്. പിന്നെയാണ് ഗെയിലാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അബ്ദുറഹ്മാന്‍ പറയുന്നു.
സര്‍ക്കാര്‍ പറമ്പില്‍ നിന്നും മാറി കുനിയില്‍ നിവാസികളായ നിമിഷ, ജസ്മല്‍, റീന, ഹനീഫ എന്നിവരുടെ കുടുംബങ്ങളും വീടും സ്ഥലവും പോകുമെന്നുള്ള ആശങ്കയുള്ളവരാണ്.
ആറ് സെന്റ് ഭൂമിയില്‍ ജസ്മല്‍ വീടുണ്ടാക്കിയ സ്ഥലത്ത് കൂടെയാണ് ഗെയില്‍ അധികൃതര്‍ നേരത്തെ അടയാളമിട്ട് പോയിരുന്നത്. പത്ത് സെന്റില്‍ താഴെയുള്ളവരുടെ ഭൂമിയില്‍ രണ്ട് മീറ്ററില്‍ മാത്രമേ പൈപ്പിടുകയുള്ളൂവെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനെ ബാധിക്കുമെന്ന് തന്നെയാണ് ജസ്മല്‍ പറയുന്നത്.
നിഷയുടെ വീട്
നേരത്തെ അടയാളപ്പെടുത്തിയെന്നതല്ലാതെ കൃത്യം വഴിയൊന്നും പറയാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ജസ്മല്‍ പറയുന്നു. ആകെ ആറ് സെന്റ് സ്ഥലമാണ് സ്വന്തമായുള്ളത്. വീട് നിലനില്‍ക്കുന്നത് അതിലാണ്. ഇവിടെ താമസം തുടങ്ങിയിട്ട്. രണ്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂവെന്നും ജസ്മല്‍ പറയുന്നു.
വീട് നിര്‍മിക്കാനായി പഞ്ചായത്തിന് സമീപിച്ചപ്പോള്‍ അനുമതിയെല്ലാം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തിയതെന്നും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരരംഗത്തുണ്ടാകുമെന്നും ജസ്മല്‍ പറയുന്നു.
നിഷയുടെ വീടിന്റെ അടുക്കള ഭാഗത്ത് കൂടെയാണ് പൈപ്പ് പോകുന്നത്. വീട് പൊളിക്കുമോയെന്നത് അറിയില്ലെന്ന് നിഷ പറയുന്നു. ഗെയില്‍ പദ്ധതിക്ക് ഞങ്ങളെതിരല്ല. പക്ഷെ ജനവാസ മേഖല ഒഴിവാക്കി എടുക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. മൂന്നു കുട്ടികളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബമാണ് തന്റേത്. ഈ വീടിനെ ബാധിച്ചാല്‍ വേറെ എങ്ങോട്ടും പോകാനില്ല. നിഷ പറയുന്നു.
ഗെയില്‍ പൈപ്പ് ലൈനിനെതിരായ ഒരുപാട് സമരങ്ങളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്നും എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ ഇടുന്നിടത്ത് പ്രകടനം വിളിച്ചും കൊടിനാട്ടിയെല്ലാമാണ് മടങ്ങിയതെന്നും നിഷ പറയുന്നു. ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ നിര്‍മാണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നിഷ പറയുന്നു.
ജസ്മലിന്റെ വീട്
തൃക്കളയൂരിന് സമീപമുള്ള റീനയുടെ വീട്ടില്‍ 2008ലാണ് അധികൃതര്‍ അളവെടുത്ത് പോയത്. ഞങ്ങള്‍ക്ക് കാര്യമായിട്ടുള്ള 20 സെന്റ് സ്ഥലത്ത് കൂടെയാണ് പൈപ്പ്ലെന്‍ കടന്നുപോകുന്നത്. റബ്ബര്‍ കൃഷിയാണുള്ളത്. ഇപ്പോള്‍ ഈ പ്രശ്നമുള്ളത് കൊണ്ട് റബറൊന്നും വെട്ടാന്‍ സാധിച്ചിട്ടില്ല. പിന്നെ കുറച്ച് ജാതി തൈകളും വെച്ചിരുന്നു. ഇപ്പോള്‍ എല്ലാം പോകുമെന്നുള്ള പേടിയാണുള്ളതെന്നും റീന പറയുന്നു.
ഹനീഫയെ വീടിന് സമീപത്ത് കൂടെ പൈപ്പ് പോകുന്ന കാര്യം പഞ്ചായത്തില്‍ നിന്നോ വില്ലേജില്‍ നിന്നോ അറിയിച്ചിട്ടില്ല. വീടിനെ ബാധിക്കുമെന്നും ഇല്ലെന്നും അറിയുന്നതായി ഹനീഫ പറയുന്നു.
എരഞ്ഞിമാവിന് സമീപമുള്ള ഏതാനും ചിലവീട്ടുകാരുടെ വിവരങ്ങള്‍ മാത്രമാണിത്. ഗെയില്‍ പദ്ധതി ഇതിലും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന നിരവധി വീടുകളുണ്ട് മേഖലയില്‍. പദ്ധതിയോടുള്ള എതിര്‍പ്പല്ല വീടുകള്‍ നഷ്ടപ്പെടുന്നതും ജനവാസമേഖലയിലൂടെ പൈപ്പ്ലൈന്‍ പോകുന്നതുമാണ് ഇവിടുത്തുകാരെ ആശങ്കപ്പെടുത്തുന്നത്.
കീഴുപറമ്പ് പഞ്ചായത്തില്‍ തന്നെ നൂറിലധികം വീടുകളെയാണ് ബാധിക്കുന്നതെന്ന് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇത്തരത്തില്‍ കേരളത്തിലെ 137 പഞ്ചായത്തുകളിലൂടെ പൈപ്പ്ലൈന്‍ കടന്നുപോകുന്നുണ്ട്. വീടുകളെ ഒഴിവാക്കാമെന്നാണ് സര്‍ക്കാരും ഗെയിലും പറയുന്നത്. വീടുകളെ ഒഴിവാക്കിയാല്‍ തന്നെ മുറ്റത്ത് കൂടെയടക്കം പൈപ്പ്ലൈന്‍ പോകും. അതില്‍ ആളുകള്‍ക്ക് വലിയ ആശങ്കയാണുള്ളതെന്ന് ഗഫൂര്‍ പറയുന്നു.
പദ്ധതിക്കായി നേരത്തെ സാറ്റ്ലൈറ്റ് സര്‍വ്വെ നടത്തിയിരുന്നെന്ന് ഗഫൂര്‍ കുറുമാടന്‍ പറയുന്നു. പിന്നെ എട്ടുവര്‍ഷം മുമ്പ് ഇതിന്റെ പണി തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സര്‍വ്വെ നടത്തി. ആ സര്‍വ്വെ നടത്തിയതിന് ശേഷം എട്ടുവര്‍ഷം പദ്ധതിമുടങ്ങിയപ്പോള്‍ പുതുതായി കുറേ വീടുകള്‍ അവിടേക്ക് വന്നിട്ടുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. പലര്‍ക്കും അഞ്ചോ പത്തോ സെന്റ് സ്ഥലം മാത്രമുള്ളവരാണ്. അത്കൊണ്ട് അവര്‍ക്ക് സ്വന്തം സ്ഥലത്ത് തന്നെ വീടുവെക്കേണ്ടതുണ്ട്. ഗഫൂര്‍ പറയുന്നു.
പഞ്ചായത്തില്‍ നിന്നെല്ലൊം അനുമതി ലഭിച്ച ശേഷമായിരുന്നു നിര്‍മ്മാണം. ഇത് ഗെയില്‍ ചെയ്തത് എന്താണെന്ന് വെച്ചാല്‍ പഞ്ചായത്തുകള്‍ക്കടക്കം കൃത്യമായ മാപ്പോ രേഖകളോ നല്‍കാന്‍ തയ്യാറായിരുന്നില്ല. എല്ലാം രഹസ്യമാക്കിവെച്ചു. കൃത്യമായി വിവരം കൊടുത്തിരുന്നെങ്കില്‍ വീട് നിര്‍മാണത്തിലടക്കം പഞ്ചായത്തുകള്‍ക്ക് ഇത് പരിഹരിക്കാമായിരുന്നു. പഞ്ചായത്തിന് അതില്‍ ഉത്തരവാദിത്വമില്ലെന്നും ഗഫൂര്‍ കുറുമാടന്‍ പറയുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയില്‍ എല്‍.എന്‍.ജി പൈപ്പ്ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അഭിഭാഷക കമ്മീഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതി കടന്നുപോകുന്ന മിക്കയിടങ്ങളും ജനസാന്ദ്രത കൂടിയ മേഖലയാണ്. ഇവിടെ മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ മിക്കതും താരതമ്യേന ജനസാന്ദ്രത കുറഞ്ഞ ക്ലാസ് 3 കാറ്റഗറിയില്‍ വരുന്നതാണെന്ന ഗെയിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2017 സെപ്റ്റംബര്‍ 22ലെ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അഭിഭാഷക കമ്മീഷന്‍ ഗെയ്ല്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചിരുന്നത്. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി അഡ്വ. വി. വിജിത കമ്മീഷനെ നിയോഗിച്ചത്.
പൈപ്പ്ലൈന്‍ കടന്നുപോകുന്ന മേഖലകളിലുള്ള ജനങ്ങളുടെ ആശങ്കകള്‍ ശരിവെക്കുന്ന തരത്തിലാണ് കമ്മീഷന്റെ കണ്ടെത്തലുകളും വ്യക്തമാക്കുന്നത്.
എന്നാല്‍ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തള്ളുന്ന നിലപാടാണ് ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഗെയില്‍ അധികൃതര്‍ പദ്ധതി സുരക്ഷിതമല്ലെന്ന കമ്മീഷന്റെ കണ്ടെത്തല്‍ യുക്തിസഹമല്ലെന്നാണ് ആരോപിക്കുന്നത്.
കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും വ്യാവസായിക ആവശ്യത്തിനുള്ള എല്‍.എന്‍.ജി ബംഗളുരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതിന് ഗ്യാസ് അതോറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലുള്ളതാണ് ഗെയില്‍ പദ്ധതി. 2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്.