കോഴിക്കോട്: ഗെയില്‍ സമരസമിതി നേതാക്കള്‍ക്കും സമരസമിതിയുടെ അഭിഭാഷകനും മുക്കം സ്റ്റേഷപരിധിയില്‍ പ്രവേശിക്കുന്നതിന് അനിശ്ചിതകാലത്തേക്ക് വിലക്ക്. സ്‌റ്റേഷന്‍ പരിധിയിലെത്തുന്നത് വിലക്കിക്കൊണ്ട് ആര്‍.ഡി.ഒ ആണ് നോട്ടീസ് നല്‍കിയത്.
ഗെയില്‍ സമരസമതി നേതാക്കളായ ഷിഹാബുദ്ദീന്‍, അന്‍വര്‍ സമരസമിതി നേതാവും അഭിഭാഷകനുമായ വി.ടി പ്രദീപ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഗെയില്‍ അധികൃതരെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് നോട്ടീസ്.
ഗെയില്‍ അധികൃതര്‍ക്ക് സമാധാനപരമായി ജോലി ചെയ്യാനാവുന്നില്ലെന്നും ഇവര്‍ ജനങ്ങളെ പ്രകോപ്പിച്ച് ജോലി തടസപ്പെടുത്തുകയാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അതേസമയം സമരം പൊളിക്കാനുള്ള ഗെയില്‍ അധികൃതരുടെ തന്ത്രമാണ് ഇതെന്ന് സമരസമതിക്കാര്‍ വ്യക്തമാക്കി.
സമരക്കാര്‍ക്ക് പിന്തുണചെയ്യുകയും സമാധാന അന്തീരക്ഷം തകര്‍ക്കുകയും ചെയതെന്നും ഇക്കാര്യം തനിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നുമാണ് ആര്‍.ഡി.ഒ നോട്ടീസില്‍ പറയുന്നത്..
എന്നാല്‍ പരമാവധി ആളുകളെ കേസില്‍ കുടുക്കി ജയിലിലാക്കുകയും മറ്റുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ് ഗെയില്‍ അധികൃതര്‍ നടത്തുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
പദ്ധതി പ്രദേശത്ത് പ്രവേശിക്കുന്നതിന് ഒരു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യ സമരത്തെ വളഞ്ഞവഴിയിലൂടെ നേരിടാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിന് പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു.
കൊച്ചി -മംഗളുരു പ്രകൃതിവാതക പൈപ്പ്ലൈനിനെതിരെ കോഴിക്കോട് മുക്കത്തു നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്നാണ് നടക്കുന്നത്.
വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കലക്ടറേറ്റിലാണു വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിലുള്ള യോഗം. പൊലീസ് അതിക്രമം അവസാനിപ്പിക്കണമെന്നു സമര സമിതി യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
പ്രദേശത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടൂവീതം അംഗങ്ങള്‍, ഗെയ്ല്‍ ഉദ്യോഗസ്ഥര്‍, സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ക്കാണു യോഗത്തിലേക്കു ക്ഷണം.
വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിലുള്ള യോഗം ജനവാസ മേഖലയിലൂടെ പൈപ്പ്ലൈന്‍ കടന്നു പോകുന്നതു മൂലമുള്ള ആശങ്കയാണു പ്രധാനമായും ചര്‍ച്ച ചെയ്യുക. ഒപ്പം നെല്‍വയലുകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കാമെന്ന ഗെയ്ലിന്റെ വാഗ്ദാനവും പരിശോധിക്കും.
സമരം അടിച്ചമര്‍ത്താന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ഉന്നയിക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളുടെയും സമര സമിതിയുടെയും തീരുമാനം. സമര സമിതിയെ പ്രതിനിധീകരിച്ചു രക്ഷാധികാരി അക്ബറും കണ്‍വീനര്‍ അബ്ദുല്‍ കരീമുമാണ് പങ്കെടുക്കുന്നത്.
നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ജനവാസ മേഖലയില്‍നിന്ന് അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവും ഇതുവരെ ഗെയ്ല്‍ അംഗീകരിച്ചിട്ടില്ല.