കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം നടത്തുന്ന നാട്ടുകാരുമായി തിങ്കളാഴ്ച നടത്താനിരുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൈപ്പ് ലൈനിന്റെ പണി നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് സമരസമിതി.
സമരസമിതിയെക്കൂടി ഉള്‍പെടുത്തി വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വ്യവസായ മന്ത്രി എ.സി മൊയ്ദീനാണ് യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത്.
അതേസമയം ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം കുറവാണെന്നും നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളില്‍ നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാണെന്നും ഗെയില്‍ ജനറല്‍ മാനേജര്‍ എം.ഐ വിജു വ്യക്തമാക്കിയിരുന്നു. ജോര്‍ജ് എം.തോമസ് എം.എല്‍.എ ഗെയ്ല്‍ പ്രതിനിധികളുമായും പ്രാദേശികകക്ഷി നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലായിരുന്നു ഇത് ധാരണയായത്.
സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കലക്ടര്‍ യു.വി.ജോസ്. സംഘര്‍ഷങ്ങളെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.
സമരമാര്‍ക്കെതിരെ വലിയ ആക്രമണമായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. മണിക്കൂറുകളോളമാണ് പൊലീസും സമരക്കാരും എരഞ്ഞിമാവില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്.
സംഘര്‍ഷങ്ങളുടെ പേരില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുത്തതായി ആക്ഷേപമുയര്‍ന്നിരുന്നു. മുക്കത്തെ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന നയമല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരെ വിശ്വാസത്തിലെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും പറഞ്ഞിരുന്നു. എന്നാല്‍ മുക്കത്തെ സമരം തെറ്റിദ്ധാരണ മൂലമാണെന്നും പ്രശ്‌നങ്ങളുണ്ടാക്കുന്നത് തല്‍പര കക്ഷികളാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, സംഘര്‍ഷം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സമരം ഏറ്റെടുക്കുമെന്നും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു.
സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്യൂണിസ്റ്റു നയമല്ലെന്നും പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നും സുധീരന്‍ ആരോപിച്ചിരുന്നു.