| Sunday, 5th November 2017, 11:21 am

ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ് സാര്‍; മുഖ്യമന്ത്രിയുടെ വിരട്ടലിന് ഗെയില്‍ സമരക്കാരുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തങ്ങളെ വികസന വിരോധികളെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗെയില്‍ സമരസമിതി. ജീവിക്കാന്‍ വേണ്ടിയാണ് സമരം നടത്തുന്നതെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും സമരസമിതി നേതാവ് അബ്ദുല്‍ അക്ബര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഗെയിലിന്റെ നടപടിയെന്നും ജനങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഭൂമി ഏറ്റെടുക്കുന്നത് നോട്ടീസ് പോലും നല്‍കാതെയാണെന്നും സമരസമിതി പറഞ്ഞു.

ഗെയില്‍ സമരക്കാരെ വികസന വിരോധികളെന്ന് വിളിച്ച മുഖ്യമന്ത്രി ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും ഇന്ന് പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിരട്ടി ആരും കാര്യം സാധിക്കാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുകയാണ്. ഇത് ആസൂത്രിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിനോ വിരട്ടലിനോ വഴങ്ങി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനായി ആസൂത്രണം ചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കാനോ ഉപേക്ഷിക്കാനോ മരവിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതേ സമയം ഗെയില്‍ പ്രക്ഷോഭകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനാണ് കമ്മീഷനെ സമീപിച്ചത്. നാട്ടുകാര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്നും നിരപരാധികള്‍ക്കെതിരെയാണ് പൊലീസ് അക്രമിച്ചതെന്നും സുധീരന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more