ഗെയില്‍: സര്‍ക്കാരിനെ തള്ളി സമരസമിതി; സമരം തുടരും
Kerala
ഗെയില്‍: സര്‍ക്കാരിനെ തള്ളി സമരസമിതി; സമരം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 10:09 pm

 

കോഴിക്കോട്: മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ സമരസമിതി തള്ളി. പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്ന കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാമെന്ന തീരുമാനമുള്‍പ്പടെയാണ് സമരസമിതി തള്ളിയത്.

മുഖ്യമന്ത്രി മുന്നോട്ടുവച്ച കാര്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാനാവില്ല. വിട്ടുനല്‍കുന്ന ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി വില ലഭ്യമാക്കണം, പൈപ്പ് ലൈനിന്റെ ജനവാസ കേന്ദ്രങ്ങളിലെ അലൈന്‍മെന്റില്‍ മാറ്റംവരുത്തണം, സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരസമിതി ഈ മാസം 18 ന് മുക്കത്ത് യോഗം ചേരും. ഏഴ് ജില്ലകളില്‍ നിന്നുള്ള സമരക്കാരെ പങ്കെടുപ്പിച്ച് കോഴിക്കോട് കണ്‍വെന്‍ഷന്‍ നടത്തുമെന്നും സമര സമിതി അറിയിച്ചു

ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാമെന്ന തീരുമാനത്തിലേക്ക് സമരസമിതി എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ ഭാഗികമായി അംഗീകരിക്കുന്നെന്ന് സമരസമിതി അറിയിച്ചിരുന്നു.

ഗെയില്‍ പദ്ധതിക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. നിലവില്‍ വിപണി വില പുതുക്കിയ ന്യായവിലയുടെ 5 മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ദ്ധിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഭൂമി വിട്ടുനല്‍കുന്ന 10 സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ അധികമായി നല്‍കാനുമാണ് യോഗത്തില്‍ ധാരണയായിരുന്നത്.