| Tuesday, 26th September 2017, 9:20 am

ഉറപ്പുകള്‍ പാലിക്കാതെ ഗെയില്‍ വാതക ലൈന്‍ പദ്ധതി; കോഴിക്കോട് എരഞ്ഞിമാവില്‍ നാട്ടുകാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: ഉറപ്പുകള്‍ പാലിക്കാതെ കോഴിക്കോട് എരഞ്ഞിമാവില്‍ ഗെയില്‍ വാതക ലൈന്‍ പദ്ധതി ആരംഭിച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായതിന് ശേഷമേ പ്രവൃത്തി നടത്തൂ എന്ന് ഉറപ്പ് പാലിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനെതിരെ കുടില്‍ കെട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചത്.

നിര്‍ദിഷ്ട കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പ്രവൃത്തി ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ദിവസം ആരംഭിക്കുകയായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തിനും ചര്‍ച്ചക്ക് അവസരമൊരുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ താല്‍ക്കാലികമായി നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.


Also Read കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ഇതാണ്; ഇന്ത്യക്കെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ച പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ


ഒരാഴ്ച മുന്‍പാണ് കോഴിക്കോട് മലപ്പുറം ജില്ലാതിര്‍ത്തിയില്‍ വാതക ലൈന്‍ പദ്ധതികള്‍ ആരംഭിച്ചത്. ഇതിനായി പൈപ്പുകള്‍ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പദ്ധതി പ്രദേശത്തെ മരങ്ങള്‍ മുറിച്ച് മാറ്റി 20 മീറ്റര്‍ വീതിയില്‍ അതിരുകള്‍ തിരിക്കുന്ന പ്രവര്‍ത്തികളാണ് നടന്ന് കൊണ്ടിരുന്നത്.

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ മംഗലാപുരം ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് ലിക്വിഡ് നാച്വറല്‍ ഗ്യാസ് (L.N.G) എത്തിക്കുന്നതിനുവേണ്ടി 2007-ല്‍ കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ (K.S.I.D.C) കേന്ദ്ര പെട്രോളിയം മന്ത്രാലയവുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതി നടപ്പില്‍ വരുന്നത്. 24 ഇഞ്ച് വീതിയുള്ള പൈപ്പുകള്‍ മൂന്ന് മീറ്റര്‍ വരെ ആഴത്തില്‍ സ്ഥാപിക്കുന്നതിനുവേണ്ടി 20 മീറ്റര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്.

We use cookies to give you the best possible experience. Learn more